ഒക്ടോബര്‍ മുതല്‍ കൈയില്‍ കിട്ടുന്ന ശമ്പളം കുറയും... ഇനി പിഎഫിലേക്ക് പ്രതിമാസം 3000 രൂപ പോകും!?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വരുത്തിയ വേതന പരിധിയിലെ മാറ്റം കാരണം ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്ന കൈയില്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവുണ്ടായേക്കാം. സെപ്തംബര്‍ മാസത്തിലെ ശമ്പളമാണ് ഒക്ടോബറില്‍ ലഭിക്കുന്നത്. ഇപിഎഫ്ഒ നിയമപരമായ വേതന പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതായത്, ചില ജീവനക്കാരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇനി ഇപിഫിലേക്ക് മാറ്റേണ്ടിവരും.
പരിഷ്‌കരിച്ച പരിധി 2026 സെപ്റ്റംബര്‍ 17-ന് പ്രാബല്യത്തില്‍ വന്നതിനാല്‍, പുതിയ പരിധി പ്രകാരമുള്ള ആദ്യത്തെ പൂര്‍ണ്ണ ശമ്പള മാസം ഒക്ടോബറാണ്. എങ്കിലും, എല്ലാ ശമ്പളക്കാര്‍ക്കും ഇതിന്റെ ആഘാതം ഒരേപോലെയായിരിക്കില്ല. നേരത്തെ പിഎഫ് വിഹിതം 15,000 രൂപ എന്ന പരിധിയില്‍ നിജപ്പെടുത്തിയിരുന്നോ അതോ യഥാര്‍ത്ഥ പിഎഫ് വേതനത്തെ അടിസ്ഥാനമാക്കിയാണോ കണക്കാക്കിയിരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

15,000 രൂപ എന്ന പരിധിയില്‍ വിഹിതം അടച്ചിരുന്ന ഒരു ജീവനക്കാരന്റെ കാര്യത്തില്‍, പുതിയ പരിധി 25000 രൂപയായതോടെ പ്രതിമാസ ഇപിഎഫ് വിഹിതം 1800 രൂപയില്‍ നിന്ന് 3000 രൂപയായി ഉയരും. അതായത്, മാസത്തില്‍ 1200 രൂപയുടെ വര്‍ധനവ് ഉണ്ടാകും. നികുതി കിഴിച്ച് പ്രതിവര്‍ഷം 15 ലക്ഷം രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്റെ ഉദാഹരണം വെച്ച് നമുക്ക് ഇക്കാര്യം പരിശോധിക്കാം.
ഇതനുസരിച്ച്, പിഎഫ് വിഹിതം പിടിക്കുന്നതിന് മുമ്പുള്ള പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപയാണ്. 15000 രൂപ എന്ന പഴയ പിഎഫ് പരിധി പ്രകാരം ജീവനക്കാരന്റെ വിഹിതം 1800 രൂപയായിരുന്നു. പിഎഫ് വിഹിതം പിടിച്ചതിന് ശേഷം 123200 രൂപയാണ് കൈയ്യില്‍ ലഭിച്ചിരുന്നത്. എന്നാല്‍ പിഎഫ് വേതന പരിധി 25000 രൂപയായി ഉയര്‍ത്തിയതോടെ, ജീവനക്കാരന്റെ വിഹിതം 3000 രൂപയായി വര്‍ധിക്കും.
സ്വാഭാവികമായും പിഎഫ് പിടിച്ചതിന് ശേഷമുള്ള പ്രതിമാസ തുക 122000 രൂപയായി കുറയുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം ഓരോ മാസവും കൈയില്‍ ലഭിക്കുന്ന തുകയില്‍ 1200 രൂപയുടെ കുറവുണ്ടാകും എന്നാണ്. അതായത് ഒരു വര്‍ഷത്തില്‍ 14400 രൂപയുടെ കുറവ്. അധികമായി നല്‍കുന്ന തുക വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യത്തിലേക്കാണ് മാറ്റിവെക്കപ്പെടുന്നത് എന്നതിനാല്‍ ഇത് ജീവനക്കാരനെ സംബന്ധിച്ചിടത്തോളം നഷ്ടമല്ല.
അതേസമയം യഥാര്‍ത്ഥ വേതനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം വിഹിതം അടയ്ക്കുന്ന ജീവനക്കാര്‍ക്ക് കാര്യമായ മാറ്റമൊന്നും അനുഭവപ്പെട്ടേക്കില്ല. യഥാര്‍ത്ഥ അടിസ്ഥാന ശമ്പളത്തില്‍ ഇതിനകം ഇപിഎഫ് വിഹിതം അടച്ചിരുന്ന ജീവനക്കാരുടെ കാര്യത്തില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമാണ്. അതായത് 20000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്‍ ആ തുകയുടെ 12% വിഹിതമായി അടയ്ക്കുന്നുണ്ടെങ്കില്‍ തുടര്‍ന്നും പ്രതിമാസം 2400 രൂപ തന്നെ അടയ്ക്കും.
നിയമപരമായ പരിധി 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തുന്നത് കൊണ്ട് മാത്രം ഈ സാഹചര്യത്തില്‍ ജീവനക്കാരന്റെ വിഹിതത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. 25000 രൂപയില്‍ താഴെയുള്ള വേതനത്തിനുള്ള വിഹിതം നിശ്ചയിക്കുന്നത് ബാധകമായ വേതനത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കുന്നു.
അതുപോലെ, 50000 രൂപ അടിസ്ഥാന ശമ്പളത്തില്‍ ഇപിഎഫിലേക്ക് 12 ശതമാനം വിഹിതം അടയ്ക്കുന്ന ഒരാളുടെ കാര്യത്തില്‍, ശമ്പള ഘടനയിലോ പിടിക്കുന്ന തുകയിലോ മാറ്റമുണ്ടാകില്ല. അതായത് പരിഷ്‌കരിച്ച പരിധി നിലവില്‍ വരുന്നതോടെ ശമ്പളം പറ്റുന്ന എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ കുറവുണ്ടാകുമെന്ന് ഇതിനര്‍ത്ഥമില്ല. ഇതിന്റെ യഥാര്‍ത്ഥ ആഘാതം, പിഎഫ് കണക്കാക്കുന്നതിനുള്ള വേതനം, പരിഷ്‌കരണത്തിന് മുന്‍പ് തൊഴിലുടമ പിന്തുടര്‍ന്നിരുന്ന വിഹിതം സംബന്ധിച്ച ക്രമീകരണം എന്നിവയെ ആശ്രയിച്ചിരിക്കും.


Click it and Unblock the Notifications
