'സൽമാൻ ഖാനെ ഏപ്രിൽ 30ന് കൊലപ്പെടുത്തും', ഭീഷണി 'റോക്കി ഭായി'യുടേത്, തിരഞ്ഞ് മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന അജ്ഞാത ഭീഷണി കോള്‍ മുംബൈ പോലീസിനാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 30ന് സല്‍മാനെ കൊല്ലും എന്നാണ് ഭീഷണി. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് മുംബൈ പോലീസിന് ഭീഷണി കോള്‍ ലഭിച്ചത്.
വധഭീഷണി മുഴക്കിയ ആള്‍ റോക്കി ഭായ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത് എന്ന് മുംബൈ പോലീസ് പറയുന്നു. ഇയാളെ കണ്ടെത്താനുളള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്. മാത്രമല്ല താനൊരു ഗോ സംരക്ഷകന്‍ കൂടിയാണ് എന്നും ഇയാള്‍ പറഞ്ഞതായി മുംബൈ പോലീസ് വ്യക്തമാക്കുന്നു.

രണ്ടാഴ്ച മുന്‍പ് ഇ മെയില്‍ വഴി സല്‍മാന്‍ ഖാന് ഭീഷണി ലഭിച്ചിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയായ ലോറന്‍സ് ബിഷ്‌ണോയിയുടെ വിവാദ അഭിമുഖത്തെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ഇ മെയില്‍. കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയി സമുദായത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരും എന്നുമായിരുന്നു ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞിരുന്നു.
സല്‍മാനെ കൊലപ്പെടുത്തുക എന്നതാണ് ജീവിത ലക്ഷ്യമെന്നും ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബിഷ്‌ണോയിക്ക് എതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ മുംബൈയിലെ താരത്തിന്റെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. സല്‍മാന്റെ ഒപ്പമുളള പ്രശാന്ത് ഗുഞ്ചാല്‍കറിനാണ് ഭീഷണി ഇ മെയില്‍ ലഭിച്ചത്.
മറ്റൊരു ഗ്യാംഗ്‌സ്റ്റര്‍ ആയ ഗോള്‍ഡ് ബ്രാറിന് സല്‍മാനെ നേരിട്ട് കാണണമെന്നും ബിഷ്‌ണോയിയുടെ അഭിമുഖം കണ്ടിട്ടില്ലെങ്കില്‍ സല്‍മാനെ കാണിക്കണമെന്നും ഇ മെയിലില്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്നും ധാക്കഡ് രാം ബിഷ്‌ണോയി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലും ബിഷ്‌ണോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് ഭീഷണിയുണ്ടായിരുന്നു.
ഗായകന്‍ സിദ്ധു മൂസെവാലയുടെ വിധി തന്നെ സല്‍മാന്‍ ഖാനും ഉണ്ടാകും എന്നായിരുന്നു ഭീഷണിക്കത്തില്‍ ഉണ്ടായിരുന്നത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ഈ കത്ത് ലഭിച്ചത്. സല്‍മാന്റെ പിതാവ് സലിം ഖാന്‍ സ്ഥിരമായി നടക്കാന്‍ പോകുന്നത് ഇത് വഴിയായിരുന്നു. തുടര്‍ച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ബുള്ളറ്റ് പ്രൂഫ് എസ് യു വി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്നു.












Click it and Unblock the Notifications