ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റ് ചോരയൊലിച്ചിട്ടും സല്‍മാന്‍ ഖാന്‍ തിരിഞ്ഞുനോക്കിയില്ല; തിരിഞ്ഞുനടന്നു: സഹനടന്‍
ബോളിവുഡില്‍ കഴിവും കൈയ്യൂക്കുമുള്ള താരമാണ് സല്‍മാന്‍ ഖാന്‍. 1989 ല്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പതിറ്റാണ്ടുകളോളം ബോളിവുഡ് അടക്കി ഭരിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടുവരുന്നത്. സിനിമയിലെ നായക വേഷങ്ങള്‍ക്കു പുറമേ ടെലിവിഷന്‍ അവതാരകന്റെ റോളിലും സല്‍മാന്‍ മുന്‍നിരയിലെത്തി. 35 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ പ്രണയം ഉള്‍പ്പെടെ നിരവധി വിവാദങ്ങളിലും നടന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ ആണ് സല്‍മാന്‍ ഖാന്റേതായി വരാനിരിക്കുന്ന വമ്പന്‍ റിലീസ്. രശ്മിക മന്ദാന ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
അതേസമയം ചോരി ചോരി ചുപ്‌കെ ചുപ്‌കെ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച ആദി ഇറാനി ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവം പങ്കുവെച്ചതാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. സിനിമയില്‍ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ സല്‍മാന്‍ ഖാന്‍ കാരണം പരിക്കേറ്റിട്ടും അദ്ദേഹം അവഗണിച്ചതാണ് ആദി ഇറാനി തുറന്നുപറഞ്ഞത്. ബാസിഗര്‍, വെല്‍ക്കം, ബേട്ട, ദില്‍, ഹം ആപ്‌കെ ദില്‍ മേം രെഹ്‌തേ ഹേ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ആദി ഇറാനി അഭിനയിച്ചിട്ടുണ്ട്.

ചോരി ചോരി ചുപ്‌കെ ചുപ്‌കെയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ ആദി ഇറാനിയെ ഒരു ഗ്ലാസ് ഫ്രെയിമിലേക്ക് എടുത്തെറിയുന്ന സീനുണ്ട്. സംവിധായകന്റെ നിര്‍ദേശ പ്രകാരം സല്‍മാന്‍ ഖാന്‍ തന്റെ ആക്ഷന്‍ ഹീറോ ശൈലിയില്‍ ആദി ഇറാനിയെ എടുത്തെറിഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി ഗ്ലാസ് പൊട്ടിച്ചിതറി ആദി ഇറാനിയുടെ മുഖത്തുവീണ് ഗുരുതരമായി പരിക്കേറ്റു. മുറിവില്‍ നിന്ന് രക്തം പുറത്തേക്കൊഴുകി. അത്രയും പരിക്കേറ്റിട്ടും സല്‍മാന്‍ ഖാന്‍ ക്ഷമാപണം നടത്തിയില്ല. പകരം സെറ്റില്‍ നിന്ന് പെട്ടെന്ന് തന്റെ റൂമിലേക്കു മടങ്ങുകയും ചെയ്തു. സെറ്റില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പരിക്ക് അല്‍പം ഗുരുതരമായിരുന്നു.
എന്നാല്‍ ഷൂട്ടിങ് മുടങ്ങി നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാകേണ്ടെന്നു കരുതി താന്‍ ജോലി പുനരാരംഭിച്ചതായി ആദി പറഞ്ഞു. 'സല്‍മാന്റെ പെരുമാറ്റം വിഷമം ഉണ്ടാക്കിയെങ്കിലും അടുത്ത ദിവസം അദ്ദേഹം തന്നെ ഫോണിലൂടെ ബന്ധപ്പെട്ടു. അപകടത്തില്‍ സല്‍മാന്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപം പ്രകടിപ്പിച്ചു, 'ആദി, എനിക്ക് ശരിക്കും ഖേദമുണ്ട്. എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും കഴിയില്ല. എനിക്ക് വളരെയധികം വിഷമം തോന്നുന്നു' എന്ന് പറഞ്ഞു. ആ കോള്‍ എന്നെ ആശ്ചര്യപ്പെടുത്തി.
സല്‍മാന്റെ ക്ഷമാപണം ആത്മാര്‍ത്ഥമാണെന്ന് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍ ഞെട്ടിപ്പോയെങ്കിലും, തനിക്ക് അദ്ദേഹത്തോട് ഒരു നീരസവും തോന്നിയില്ല. ആ ക്ഷമാപണത്തെ അഭിനന്ദിക്കുകയും ചെയ്തു - ആദി പറഞ്ഞു. നടന്റെ ആ ബാലിശമായ മനോഭാവം ചുറ്റുമുള്ളവരോടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്നും ആദി ഇറാനി നിരീക്ഷിച്ചു.












Click it and Unblock the Notifications