'ബിജെപി എംപി പറഞ്ഞപ്പോൾ എവിടെയായിരുന്നു'; മോദിക്ക് മറുപടിയുമായി ഡിഎംകെ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഡി എം കെ. കോൺഗ്രസ് നേതാവ് സാംപിത്രോഡയുടെ വിവാദ പരാമർശത്തിൽ ഡി എം കെയെ മോദി വിമർശിച്ചിരുന്നു. കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ഡി എം കെയ്ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. എന്നാൽ മുൻപ് ബി ജെ പി എംപി സമാന പ്രതികരണം നടത്തിയപ്പോൾ മോദി എവിടെയായിരുന്നുവെന്ന് ഡിഎംകെ ചോദിച്ചു. സാംപിത്രോഡയുടെ വാക്കുകളിലെ അടിസ്ഥാന കാര്യങ്ങളോട് തങ്ങൾ യോജിക്കുന്നുവെന്നും ഡിഎംകെ ട്വീറ്റ് ചെയ്തു.
ഇന്ത്യക്കാരെ ചൈനക്കാരും ബ്രിട്ടീഷുകാരും ആഫ്രിക്കക്കാരുമായി താരതമ്യപ്പെടുത്തുന്ന പിത്രോഡയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല. എന്നാൽ വൈവിധ്യത്തെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളിൽ യാതൊരു തെറ്റുമില്ല. വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർ ഒന്നിച്ച് ചേർന്നാണ് ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം ഉണ്ടായത്. അതൊരു വസ്തുതയാണ്.അതാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അതിനാൽ സാം പിത്രോഡ പറഞ്ഞതിൻ്റെ അടിസ്ഥാന ആശയത്തിൽ ഞങ്ങൾ തെറ്റ് കാണുന്നില്ല',ഡിഎംകെ വക്താവ് ഡോ എസ്എഎസ് ഹഫീസുള്ള പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണങ്ങൾ എന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു പിത്രോഡയുടെ വാക്കുകൾ.
അതേസമയം പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നുമായിരുന്നു മോദി പറഞ്ഞത്. അതേസമയം പിത്രോഡയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ബി ജെ പി ഭരിക്കുന്ന അസ്സം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിത്രോഡ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'കോൺഗ്രസ് കരുതുന്നത് വടക്കുകിഴക്കൻ ജനത ചൈനക്കാരെപ്പോലെയാണെന്നും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയുമാണെന്നുമാണ്. ഈ പ്രതികരണം എല്ലാവരും അംഗീകരിക്കുന്നുണഅടോ? ഇത് ശരിയാണോയെന്ന് ഞാൻ സിദ്ധരാമയ്യയോട് ചോദിക്കുകയാണ്. ഇത് അംഗീകരിക്കാനാകുമോയെന്ന് തമിഴ് സംസ്കാരം പറയുന്ന തമിഴ്നാട് മുഖ്യമന്ത്രിയോടും ഡി എം കെയോടും ചോദിക്കുകയാണ്. തമിഴ് സംസ്‌കാരത്തിനും പൈതൃകത്തിനും വേണ്ടി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഡി എം കെയ്ക്ക് ധൈര്യമുണ്ടോ?', എന്ന് പ്രധാനമന്ത്രി ചോദിച്ചു.












Click it and Unblock the Notifications