യോഗി ആദിത്യനാഥ് നീതിമാനെന്ന് നിയമസഭയിൽ, എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്
ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സമാജ്വാദി പാര്‍ട്ടി. പൂജ പാല്‍ ആണ് പുറത്താക്കപ്പെട്ടത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തെ യോഗിയുടെ നയങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതാണെന്നാണ് പൂജ പാല്‍ പറഞ്ഞത്.
തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ആതിഖ് അഹമ്മദിന് ശിക്ഷ നല്‍കിയതിലൂടെ യോഗി ആദിത്യനാഥ് തനിക്ക് നീതി നല്‍കിയെന്നും അക്കാര്യത്തില്‍ നന്ദി ഉണ്ടെന്നും പൂജ പാല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ പാര്‍ട്ടിയില്‍ നിന്നും പൂജ പാലിനെ പുറത്താക്കുന്നതായുളള സമാജ്വാദി പാര്‍ട്ടിയുടെ കത്ത് വന്നു.
എസ്പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒപ്പിട്ട കത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു, അച്ചടക്ക ലംഘനം നടത്തി എന്നീ കാരണങ്ങളാണ് നടപടിയെടുക്കാനായി പറഞ്ഞിരിക്കുന്നത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പൂജ പാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെന്നും ഇത് പാര്‍ട്ടിക്ക് വലിയ കളങ്കമാണ് വരുത്തിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ഇക്കാരണങ്ങളാല്‍ പൂജ പാലിനെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായും പാര്‍ട്ടിയുടെ പരിപാടികള്‍ക്കോ യോഗങ്ങള്‍ക്കോ ഇനി ക്ഷണം ഉണ്ടാകില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി പൂജ പാല്‍ രംഗത്ത് വന്നിട്ടുണ്ട്.
''പ്രയാഗ് രാജിലെ നിരവധി സ്ത്രീകള്‍ തന്നെക്കാളും വിഷമിക്കുന്നവരാണ്. അവരെ നിങ്ങള്‍ക്ക് ചിലപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരിക്കില്ല. ഞാന്‍ അവരുടെ ശബ്ദമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി സംസാരിക്കാനാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. എനിക്ക് മാത്രമല്ല, ആതിഫ് അഹമ്മദ് കാരണം ബാധിക്കപ്പെട്ട എല്ലാവര്‍ക്കും യോഗി ആദിത്യനാഥ് നീതി നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഉളളപ്പോഴും ഇപ്പോഴും താന്‍ അത് തന്നെയാണ് പറയുന്നത്. എംഎല്‍എ ആകുന്നതിന് മുന്‍പ് ഇരയാക്കപ്പെട്ട ഒരു സ്ത്രീ ആയിരുന്നു ഞാന്‍. പകല്‍വെളിച്ചത്തില്‍ എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നത്'', പൂജ പാല്‍ പറഞ്ഞു.












Click it and Unblock the Notifications