കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം, ലാലു, അഖിലേഷ്, യുപിയില്‍ മഹാസഖ്യം, കോണ്‍ഗ്രസിന്റെ പ്ലാന്‍ ഇങ്ങനെ, ഒന്നിച്ചിറങ്ങി പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷം. ലാലു പ്രസാദിന്റെ യാദവിന്റെ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ യുപിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുതിയൊരു ചുവടുവെപ്പ് കൂടി നടത്തിയിരിക്കുന്ന ഘട്ടത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോണ്‍ഗ്രസിനൊപ്പം കൂടി ചേര്‍ന്നുള്ള അനൗദ്യോഗിക സഖ്യത്തിനാണ് ലാലു പ്രസാദ് ശ്രമിക്കുന്നത്. തേജസ്വി യാദവ് കഴിഞ്ഞ ദിവസമാണ് സഖ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പരസ്യമായി പറഞ്ഞത്.

1

ലാലു പ്രസാദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായ് സിംഗ് യാദവിനെയും അഖിലേഷ് യാദവിനെയുമാണ് സന്ദര്‍ശിച്ചത്. ദില്ലിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കര്‍ഷക വിഷയം, തൊഴിലില്ലായ്മ എന്നിവയാണ് ചര്‍ച്ചയായത്. പ്രതിപക്ഷം ഈ വിഷയമാണ് ഇനിയുള്ള മൂന്ന് വര്‍ഷം തിരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കാന്‍ പോകുന്നതെന്ന സൂചന നേരത്തെ തന്നതാണ്. രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായതെന്ന് എസ്പി നേതാവ് രാംഗോപാല്‍ യാദവ് സ്ഥിരീകരിച്ചു. ഇതോടെ പൊതു അജണ്ട പ്രതിപക്ഷത്തിനുണ്ടാവുമെന്ന് വ്യക്തമായിരിക്കുകയാണ്.

2

ലാലു നേരത്തെ കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. അതിന് ശേഷമാണ് മുലായത്തിനെ കാണാന്‍ എത്തിയത്. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള മഹാസഖ്യത്തെ യുപിയില്‍ കൊണ്ടുവരാനുള്ള പ്ലാനിലാണ് ലാലു. അവസാന നിമിഷം കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് എസ്പി തയ്യാറായേക്കുമെന്നാണ് സൂചന. നേരത്തെ പ്രിയങ്ക ഗാന്ധി സഖ്യത്തിന് തയ്യാറാണെന്ന് പറഞ്ഞിരുന്നുവെങ്കിലും അഖിലേഷ് യാദവ് താല്‍പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ യുപിഎയിലെ നിര്‍ണായക കക്ഷികളെ ഉപയോഗിച്ച് പ്രിയങ്ക സഖ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ലാലുവിന്റെ വാക്കുകള്‍ മുലായത്തിനോ അഖിലേഷിനോ തള്ളിക്കളയാനും സാധിക്കില്ല.

3

2017ല്‍ കോണ്‍ഗ്രസ് എസ്പിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ വന്‍ ദുരന്തമായിരുന്നു ഫലം. അഖിലേഷിന് അതുകൊണ്ട് ഭയമുണ്ട്. ബീഹാറിലര്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ കിട്ടിയത് 19 സീറ്റാണ്. ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഈ സാഹചര്യത്തില്‍ യുപിയില്‍ സഖ്യം വന്നാലും വിചാരിച്ചത്ര സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ എസ്പി തയ്യാറാവില്ല. കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ അത് വിജയസാധ്യതയെ തന്നെ ബാധിക്കുമോ എന്ന ഭയം അഖിലേഷിനുണ്ട്. അതുകൊണ്ട് തമിഴ്‌നാട്ടിലേത് പോലെ കോണ്‍ഗ്രസിനെ അഖിലേഷ് നിയന്ത്രിച്ച് നിര്‍ത്താനാണ് സാധ്യത.

4

കോണ്‍ഗ്രസും പുതിയ പ്ലാനുമായി കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ആദ്യം വിജയിക്കാവുന്ന സ്ഥാനാര്‍ത്ഥികളെയാണ് അവര്‍ തിരഞ്ഞുപിടിക്കുന്നത്. ഇതിനായി സര്‍വേകള്‍ നടത്തി കണ്ടെത്തുകയാണ് ചെയ്യുന്നത്. അതേസമയം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തന്നെയാണ് പ്രിയങ്കയുടെ നിലപാട്. പത്തോളം മണ്ഡലങ്ങളില്‍ എസ്പിയുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിക്കുമെന്നാണ് സൂചന. അതേസമയം സീനിയര്‍ നേതാക്കളോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ജനപ്രീതിയുണ്ടോ എന്നറിയാന്‍ കൂടിയാണ് പ്രിയങ്ക ഇത്തരമൊരു നീക്കം നടത്തുന്നത്. 403 സീറ്റിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്ന് വ്യക്തമാണ്.

5

ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ സര്‍വേയിലൂടെ 403 സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടായിരിക്കും. കാരണം സംഘടനാ കരുത്തില്ലാത്ത കോണ്‍ഗ്രസിന് അത്രയും നേതാക്കളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇക്കാര്യം സീനിയര്‍ നേതാക്കള്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്. 2017ല്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. നിരവധി നേതാക്കള്‍ കൂറുമാറിയത് അടക്കം നേതാക്കളുടെ അഭാവം കോണ്‍ഗ്രസിനുണ്ട്. റായ്ബറേലിയില്‍ പോലും നിലവിലെ എംഎല്‍എ ആയ അദിതി സിംഗ് കോണ്‍ഗ്രസില്‍ ഇല്ല. ഇവര്‍ ബിജെപിയില്‍ ചേരും. റായ്ബറേലിയിലെ സദര്‍ സീറ്റില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത.

6

പ്രിയങ്ക നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ സീനിയര്‍ നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പൊരുത്തക്കേടുകളാണ്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വ്യാപക പരാതിയാണ് ഇവര്‍ക്കുള്ളത്. ഇവര്‍ സോണിയക്ക് കത്തയച്ചിരിക്കുകയാണ്. യുപിയിലെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. എസ്പി സഖ്യത്തിനായി കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് നടക്കില്ലെന്ന സൂചനയാണ് എസ്പി നല്‍കുന്നത്. കോണ്‍ഗ്രസും ബിഎസ്പിയും അല്ലാതെ ചെറിയ പാര്‍ട്ടികളുമായി സഖ്യമാവാമെന്നാണ് അഖിലേഷിന്റെ നിലപാട്. വോട്ട് ട്രാന്‍സ്ഫറിംഗ് അതിലൂടെ മാത്രമേ നടക്കൂ എന്നും അഖിലേഷ് പറയുന്നു.

7

ദളിത് ഫോര്‍മുലയും കോണ്‍ഗ്രസ് യുപിയില്‍ ആരംഭിച്ച് കഴിഞ്ഞു. ദളിത് സ്വാഭിമാന്‍ ദിവസം കോണ്‍ഗ്രസ് ഇന്ന് ആഘോഷിച്ചിരുന്നു. ഓരോ വിഭാഗത്തിനുമുള്ള കോണ്‍ഫറന്‍സുകള്‍ ഇടയ്ക്കിടെ നടത്തിയാണ് കോണ്‍ഗ്രസ് വിവിധ വിഭാഗങ്ങളുമായി അടുക്കുന്നത്. നിഷാദ്-കേവത്ത്-മല്ലാ-കോണ്‍ഫറന്‍സ് നേരത്തെ കോണ്‍ഗ്രസ് നടത്തിയിരുന്നു. മൗര്യ-ശാഖ്യ-സെയ്‌നി-കുശ്വാഹ വിഭാഗങ്ങളുട കോണ്‍ഫറന്‍സും പാല്‍-ഗദേരിയ-ധംഗര്‍ വിഭാഗങ്ങളും കോണ്‍ഫറന്‍സും കോണ്‍ഗ്രസ് നടത്തിയിരുന്നു. എസ്പിയും ബിഎസ്പിയും ബ്രാഹ്മണ കണ്‍വെന്‍ഷനുകളാണ് നടത്തുന്നത്. ബിജെപിയുമായി ഇടഞ്ഞ വിഭാഗത്തെ ഒപ്പം ചേര്‍ക്കാനുള്ള വന്‍ നീക്കമാണിത്.

8

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ദളിതുകളും ബ്രാഹ്മണരും നിര്‍ണായക റോള്‍ വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ബാക്കിയെല്ലാ വിഭാഗങ്ങളും അത്ര രോഷത്തില്‍ അല്ല. എന്നാല്‍ ദളിതുകള്‍ ഒബിസികള്‍ ബ്രാഹ്മണര്‍ എന്നിവര്‍ നിലവില്‍ പിന്തുണയ്ക്കുന്ന കക്ഷികളെ കൈവിടുമെന്ന് ഉറപ്പാണ്. ബിഎസ്പിയില്‍ നിന്ന് ദളിതുകള്‍ അകന്ന് തുടങ്ങിയിരിക്കുകയാണ്. അതാണ് ദളിതുകളെ തേടി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ഒബിസികളും ബ്രാഹ്മണരും ബിജെപിയുടെ വോട്ടുബാങ്കാണ്. ഇവര്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത രോഷത്തിലാണ്. എന്നാല്‍ കൃത്യമായി ഈ ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനാവൂ.

9

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ യുപിയില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ എസ്പിക്കൊപ്പം ചേരും. അഖിലേഷിനെ നേരത്തെ മമത വിളിക്കുകയും ചെയ്തിരുന്നു. എന്‍സിപി നേരത്തെ തന്നെ സഖ്യത്തില്‍ ചേര്‍ന്നതാണ്. ശരത് പവാറും അഖിലേഷിനെ നേരത്തെ വിളിച്ചതാണ്. ഈ കക്ഷികളെല്ലാം കോണ്‍ഗ്രസുമായുള്ള ശത്രുത വെടിയണമെന്ന് അഖിലേഷിനോട് അഭ്യര്‍ത്ഥിച്ചതാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരാമെന്ന് ഇതേ തുടര്‍ന്നാണ് അഖിലേഷ് സമ്മതിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന തലത്തിലെ കൈകോര്‍ക്കല്‍ ലാലുവിന്റെ വരവോടെ ശരിയാവുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

English summary
samajwadi party now aims to create a grand alliance in up, lalu prasad yadav's visit increases chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X