ദേവയാനിയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ ക്ഷണം
ലഖ്‌നൊ: ന്യൂയോര്‍ക്കില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്രഞ്ജ ദേവയാനി ഖൊബ്രാഗഡെയ്ക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് സമാജ് വാദി പാര്‍ട്ടി. ഉത്തരപ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അസം ഖാനാണ് ദേവയാനിക്ക് സീറ്റ് വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ദേവയാനിക്ക് അമേരിക്കയില്‍ നേരിടേണ്ടിവന്ന അപമാനത്തില്‍ അസം ഖാന്‍ ശക്തമായി പ്രതിഷേധം അറിയിച്ചു. ദേവയാനി ആഗ്രഹിക്കുന്നുവെങ്കില്‍ ജോലി രാജിവച്ച് തിരിച്ചത്തിയാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി ടിക്കറ്റില്‍ റാംപൂരില്‍ മത്സരിക്കാമെന്ന് അസം ഖാന്‍ പറഞ്ഞു. സീറ്റ് നല്‍കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറാണത്രെ.

ദേവയാനിക്ക് റാംപൂരില്‍ സമാജ് വാദി പാര്‍ട്ടി സീറ്റ് നല്‍കുന്ന കാര്യം മുലായം സിംഗ് യാദവിനോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഖാന്‍ അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പലപ്പോഴും തനിക്കും ഇത്തരത്തില്‍ ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്നവരെന്ന് അവകാശപ്പെടുന്ന വിശ്വ ഹിന്ദു പരിഷത്ത് വിഷയത്തില്‍ പ്രതികിക്കാത്തതെന്താണെന്ന് വ്യക്തമാക്കണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടു. നിലവില്‍ അസംഖാന്റെ തട്ടകമായ റാംപൂരിനെ പ്രതിനിധീകരിക്കുന്നത് ജയപ്രദയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ നയതന്ത്രഞ്ജയായ ദേവയാനി ഖൊബ്രാഗഡെ ന്യൂയോര്‍ക്കില്‍ അപമാനിക്കപ്പെട്ടത്. വീട്ടുജോലിക്കാരിയുടെയും കുടുംബത്തിന്റെയും വിസ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് വിലങ്ങുവച്ച ദേവയാനിയെ ഉടുതുണിയുരിഞ്ഞ് പരിശോധിക്കുകയും ചെയ്തു.












Click it and Unblock the Notifications