മഹാ വികാസ് അഘാഡിക്ക് അടുത്ത തിരിച്ചടി; മുന്നണി വിട്ട് സമാജ്വാദി പാര്‍ട്ടി
മുംബൈ: ഇന്ത്യാ മുന്നണിക്ക് കീഴിലുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം വിട്ട് സമാജ്വാദി പാര്‍ട്ടി (എസ്പി). ബാബറി മസ്ജിദ് തകര്‍ത്തതിനെ അനുകൂലിച്ച് ശിവസേന (യുബിടി) നേതാവ് മിലിന്ദ് നര്‍വേക്കര്‍ നടത്തിയ പ്രതികരണത്തെ ചൊല്ലിയാണ് എസ്പി എംവിഎ വിട്ടത്. പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് മിലിന്ദ് നര്‍വേക്കര്‍.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 32-ാം വാര്‍ഷികത്തില്‍ മിലിന്ദ് നര്‍വേക്കര്‍ പള്ളിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് 'ഇത് ചെയ്തവരില്‍ ഞാന്‍ അഭിമാനിക്കുന്നു,' എന്ന് ക്യാപ്ഷന്‍ നല്‍കിയിരുന്നു. ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും ചിത്രങ്ങളും ചേര്‍ത്തായിരുന്നു മിലിന്ദിന്റെ പോസ്റ്റ്. മഹാരാഷ്ട്ര നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്.

എംവിഎ പാര്‍ട്ടികള്‍ ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബു അസിം ആസ്മിയും പാര്‍ട്ടി നേതാവ് റയീസ് ഷെയ്ഖും ബഹിഷ്‌കരണ ആഹ്വാനത്തെ ധിക്കരിച്ച് സത്യപ്രതിജ്ഞ ചെയ്തു. സമാജ്വാദി പാര്‍ട്ടിക്ക് ഒരിക്കലും വര്‍ഗീയ പ്രത്യയശാസ്ത്രത്തില്‍ നിലനില്‍ക്കാനാവില്ല എന്നും അതിനാല്‍ മഹാ വികാസ് അഘാഡിയില്‍ നിന്ന് തങ്ങള്‍ സ്വയം പിന്‍വാങ്ങുന്നു എന്നും ആസ്മി പ്രസ്താവനയില്‍ പറഞ്ഞു.
'സമാജ്വാദി പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് പോകുന്നതില്‍ കുഴപ്പമില്ല. മഹാ വികാസ് അഘാഡിയില്‍ തുടരുമ്പോള്‍ ശിവസേന യുബിടിയുടെ വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാകുന്നത് ശരിയല്ല. എംവിഎയിലെ ആരെങ്കിലും അത്തരം പദപ്രയോഗങ്ങള്‍ നടത്തുകയാണെങ്കില്‍ ബിജെപിയും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഞങ്ങള്‍ എന്തിന് അവരോടൊപ്പം നില്‍ക്കണം?',' അദ്ദേഹം ചോദിച്ചു.
ബാബറി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) ഒരു പത്രത്തില്‍ പരസ്യം നല്‍കി എന്നും ഇത് കൂടാതെ ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ മസ്ജിദ് തകര്‍ത്തതിനെ അഭിനന്ദിച്ച് എക്സില്‍ പോസ്റ്റ് ചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന സംരക്ഷിക്കുക, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ രണ്ട് പ്രധാന തത്വങ്ങളിലാണ് എംവിഎ രൂപീകരിച്ചത് എന്ന് സമാജ്വാദി നേതാവ് റയീസ് ശൈഖ് പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശിവസേനയ്ക്ക് എല്ലാ മതങ്ങളിലുമുള്ള ആളുകളുടെയും മതനിരപേക്ഷ ചിന്താഗതിക്കാരായ വ്യക്തികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട് എന്നത് മറക്കരുത് എന്നും റയീസ് ശൈഖ് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിക്ക് കനത്ത തിരിച്ചടിയായിരുന്നു മഹായുതിയില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നത്.
കോണ്‍ഗ്രസ് 103 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 89 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ശിവസേന (യുബിടി) 20 സീറ്റുകളും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 87 സീറ്റില്‍ മത്സരിക്കുകയും 10 സീറ്റില്‍ വിജയിക്കുകയും ചെയ്തു.












Click it and Unblock the Notifications