സംഭൽ മസ്ജിദ് കേസ്; 'സർവ്വെ നിർത്തിവെയ്ക്കണം',തുടർ നടപടികൾ തടഞ്ഞ് സുപ്രീം കോടതി
ഡൽഹി: സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സർവ്വെ താത്കാലികമായി നിർത്തിവെയ്ക്കണമെന്ന് സിവിൽ കോടതിയോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ഷാഹി ഈദ്ഗാഹ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുന്നതുവരെ സർവ്വെ നിർത്തിവെയ്ക്കണമെന്നാണ് നിർദ്ദേശം. കമ്മീഷ്ണർ തയ്യാറാക്കിയ സർവ്വെ റിപ്പോർട്ട് സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
'സർവ്വെ താത്കാലികമായി നിർത്തിവെയ്ക്കട്ടെ. ഇവിടെ സമാധാനവും ഐക്യവും വേണം. ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം. അതുവരെ വിചാരണ കോടതി യാതൊരു നടപടിയും സ്വീകരിക്കരുത്. ദോഷകരമായി ഒന്നും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജില്ല മധ്യസ്ഥ സമിതികൾ രൂപീകരിക്കണം. ഈ വിഷയത്തിൽ തികച്ചും നിഷ്പക്ഷത പുലർത്തണം', ചീഫ് ജസ്റ്റിസ് പറഞ്ഞു. പള്ളിക്കമ്മിറ്റിയുടെ ഹർജി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹൈക്കോടതി പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പള്ളിയിൽ സർവ്വെ നടത്തുന്നത് ചോദ്യം ചെയ്ത് സംഭൽ ഷാഹി ഈദ്ഗാഹ് കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

1529-ല്‍ മുഗര്‍ചക്രവര്‍ത്തി ബാബര്‍ ഹരിമന്ദിർ എന്ന ക്ഷേത്രം തകർത്ത് അതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാ മസ്ജിദ് പണിതതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ അടക്കം പത്ത് പേർ കോടതിയെ സമീപിച്ചു. തുടർന്ന് അഭിഭാഷകന്റെ ഹർജിയിൽ പള്ളിയിൽ സർവ്വെ നടത്താൻ യുപിയിലെ സിവിൽ കോടതി നിർദേശിക്കുകയായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് സർവ്വെ നടത്താൻ അനുമതി കൊടുത്തത്. എന്നാൽ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ സർവ്വെയ്ക്കായി എത്തിയതിന് വലിയ സംഘർഷത്തിൽ കലാശിച്ചു.
സർവ്വെ നടപടിയ്ക്കെതിര ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ആറ് പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications