സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍
ദില്ലി: സ്വവര്‍ഗ വിവാഹത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേട്ട് തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയത്. സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും രണ്ട് സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ മത സംഘടനകളുടെയും പന്ത്രണ്ടോളം ഹര്‍ജിക്കാരുടെയും വാദമാണ് സുപ്രീം കോടതി കേള്‍ക്കുന്നത്.

അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം പാര്‍ലമെന്റാണ് പരിഗണിക്കേണ്ടതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിര്‍പ്പ് ആദ്യം പരിഗണിക്കണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തളളുകയും ഹര്‍ജിക്കാര്‍ക്ക് പറയാനുളളത് ആദ്യം കേള്‍ക്കുമെന്നും വ്യക്തമാക്കി.
അതേസമയം, സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ രണ്ട് തവണ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. കൂടാതെ രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്ത് മാത്രമേ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇതോടൊപ്പം കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്ന സെക്ഷന്‍ 377 സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ സെക്ഷന്‍ 377 റദ്ദാക്കിയത് കൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിവാഹത്തിന് മാത്രം അംഗീകാരം നല്‍കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് , അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍ , ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications