സമരപ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച; മാര്‍ച്ച് 28 ന് കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം
ഡല്‍ഹി: വീണ്ടും സമരപ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക പ്രതിഷേധങ്ങള്‍ അടച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കത്തിനെതിരേ മാര്‍ച്ച് 28 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് കര്‍ഷകരോട് എസ്‌കെഎം ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരേയുള്ള പഞ്ചാബ് പൊലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.
പഞ്ചാബില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ 28ന് ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് എസ്‌കെഎം ദേശീയ ഏകോപന സമിതിയുടെ ആഹ്വാനം. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ഉള്‍പ്പെടെ എല്ലാ സംഘടനകളോടും പ്രതിഷേധത്തില്‍ പങ്കെടുക്കാനും അടിച്ചമര്‍ത്തലിനെതിരെ മുന്നോട്ട് വരാനും സംഘടന അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വാന്‍ സിങ് പാന്ഥര്‍ എന്നിവരുള്‍പ്പെടെ 350 കര്‍ഷക നേതാക്കളെയും പ്രവര്‍ത്തകരെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിന്റെ നിര്‍ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് 70 കാരനായ ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം കാന്‍സര്‍ രോഗി കൂടിയാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് ദല്ലേവാള്‍. ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജലന്ധറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയി. പിന്നീട്, ജലന്ധറിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്കു മാറ്റി.
ഖനൗരി, ശംഭു അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകരുടെ ടെന്റുകളും വേദികളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു. ട്രാക്ടര്‍, ട്രോളികള്‍, ഉപകരണങ്ങള്‍ എന്നിവ ബലമായി നീക്കം ചെയ്തു.
കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസ് നടപടിക്ക് പിന്നാലെ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത കര്‍ഷക നേതാക്കളുമായുള്ള യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. അറസ്റ്റിലായ എല്ലാ കര്‍ഷകരെയും നേതാക്കളെയും വിട്ടയക്കണമെന്നും കണ്ടുകെട്ടിയ ട്രാക്ടറുകളും ട്രോളികളും തിരികെ നല്‍കണമെന്നും പൊലീസ് നശിപ്പിച്ച വസ്തുവകകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു സമര പ്രഖ്യാപനം.












Click it and Unblock the Notifications