'10 കോടിയൊന്നും വേണ്ട, 10 രൂപ മതി..'; പറഞ്ഞത് തിരുത്തില്ല, ഇനിയും പറയുമെന്ന് ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: വിവാദമായ സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഹിന്ദു സന്യാസിക്ക് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കേണ്ട എന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ നിന്നുള്ള ദാര്‍ശനികനായ ജഗദ്ഗുരു പരംഹന്‍സ് ആചാര്യയാണ് ഉദയനിധി സ്റ്റാലിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രതീകാത്മകമായി ഉദയനിധി സ്റ്റാലിന്റെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്‍ പരംഹന്‍സ് ആചാര്യയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

'ഇന്ന് ഒരു സ്വാമി (ദര്‍ശകന്‍) എന്റെ തലയ്ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഉദയനിധിയുടെ തലവെട്ടുന്നയാള്‍ക്ക് 10 കോടി രൂപ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്റെ തലയ്ക്ക് ഇത്ര വില നല്‍കിയത്? നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം?,' ഉദയനിധി ചോദിച്ചു.
എന്തിനാണ് തന്റെ മുടി ചീകാന്‍ 10 കോടി രൂപ പ്രഖ്യാപിക്കുന്നത് എന്നും ഒരു 10 രൂപയുടെ ചീപ്പ് തന്നാല്‍ അത് താന്‍ തന്നെ സ്വന്തമായി ചെയ്യാമെന്നും ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. അതേസമയം സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.
'ശനിയാഴ്ചത്തെ പരിപാടിയില്‍ ഞാന്‍ സംസാരിച്ച വിഷയത്തെക്കുറിച്ച് വീണ്ടും സംസാരിക്കും. അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ സംസാരിക്കും. പലരെയും ചൊടിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞു, അതാണ് സംഭവിച്ചത്,' ഉദയനിധി സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സനാതന ധര്‍മ്മം അര്‍ത്ഥമാക്കുന്നത് അത് ശാശ്വതമാണെന്നും മാറ്റാന്‍ കഴിയില്ലെന്നുമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. 'സ്ത്രീകള്‍ വീടിനുള്ളില്‍ ഒതുങ്ങി, പക്ഷേ അവര്‍ പുറത്തുവന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയത് ഡി എം കെ യുടെ ആശയമാണ്. പ്രാതല്‍ പദ്ധതി പോലും കൂടുതല്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാണ്,' എന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധി സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞത്. ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനല്ല, നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ.
സനാതന ധര്‍മ്മവും അങ്ങനെ തന്നെയാണ്. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെ് എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ഇതിനെതിരെ ബി ജെ പിയും ചില ഹിന്ദുത്വസംഘടനകളും രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിനെതിരെ രണ്ടിടത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.












Click it and Unblock the Notifications