ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സന്ദീപ് ഘോഷ് പ്രിന്‍സിപ്പലായിരിക്കെ സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആശുപത്രി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അക്തര്‍ അലി പരാതി നല്‍കിയിരുന്നു.
അതേസമയം ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലയും സന്ദീപ് ഘോഷ് സംശയത്തിന്റെ നിഴലിലാണ്. ഈ സംഭവത്തില്‍ സന്ദീപ് ഘോഷിനെ സിബിഐ 15 ദിവസമായി അദ്ദേഹത്തെ ചോദ്യംചെയ്യുകയാണ്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് ഓഫീസില്‍ ആണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇതിനോടപ്പം സാമ്പത്തിക ക്രമക്കേടില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗവും ചോദ്യം ചെയ്യുന്നുണ്ട്.

ഇതിനിടെയാണ് കൊല്‍ക്കത്തയിലെ സിബിഐയുടെ നിസാം പാലസ് ഓഫീസിലേക്ക് കൊണ്ടുപോയി സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വനിതാ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയാണ് സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചത്. എന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ നാഷണല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി തിരിച്ചെടുത്തിരുന്നു.
സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇത് പിന്നീട് പിന്‍വലിക്കുകയും അദ്ദേഹത്തെ ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തത്. മെഡിക്കല്‍ മാലിന്യ അഴിമതി, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം, സ്വജനപക്ഷപാതം, സംഭരണ നിയമങ്ങളുടെ ലംഘനം എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ ആണ് സന്ദീപ് ഘോഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്.
അക്തര്‍ അലിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സന്ദീപ് ഘോഷ്, മധ്യ ജോറെഹാട്ടിലെ മാ താര ട്രേഡേഴ്സ്, ബെല്‍ഗാച്ചിയയിലെ എഷാന്‍ കഫേ, ഖാന ലൗഹ എന്നിവരെയാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ സീനിയര്‍ സ്പെഷ്യല്‍ സെക്രട്ടറി ദേബല്‍ കുമാര്‍ ഘോഷിന്റെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആരംഭിച്ച കേസിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), ഐപിസി സെക്ഷന്‍ 420 (വഞ്ചന), അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications