ഷൊയ്ബ് മാലിക്ക് മൂന്നാമതും വിവാഹമോചിതനാകുന്നു? സനയുമായി വേര്‍പിരിയുന്നെന്ന് റിപ്പോര്‍ട്ട്
ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹമോചിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുമായുള്ള വിവാഹ ബന്ധം വവേര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വിവാഹ മോചനം സംബന്ധിച്ച് ഷൊയ്ബ് മാലിക്കോ സന ജാവേദോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ കാര്യങ്ങള്‍ നല്ല രീതിയിലല്ലെന്നും ഉടന്‍ തന്നെ അവര്‍ പരസ്പരം വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സനയുമായുള്ള ചിത്രം അടുത്തിടെ ഷൊയ്ബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.

സാനിയ മിര്‍സയ്ക്ക് മുമ്പ്, ഷോയിബ് മാലിക് ആയിഷ സിദ്ദിഖിയെ വിവാഹം കഴിച്ചിരുന്നു. എട്ട് വര്‍ഷം നീണ്ട ഈ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച ശേഷമാണ് സാനിയയെ മാലിക്ക് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2010 ല്‍ ആയിരുന്നു സാനിയ-മാലിക്ക് വിവാഹം. വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. 2018 ല്‍ ആണ് ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുന്നത്.
മകന്റെ നാലാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് മാലിക്ക്-സാനിയ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന് പുറംലോകം അറിയുന്നത്. പിന്നീട് 2024 ല്‍ 14 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് ഇരുവരും പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് സന ജാവേദിനെ മാലിക്ക് വിവാഹം കഴിക്കുന്നത്. സന കാരണമാണ് സാനിയ-മാലിക്ക് ദാമ്പത്യം തകര്‍ന്നത് എന്ന് പലരും പറഞ്ഞിരുന്നു.
മാലിക്കിന്റെ സ്വഭാവദൂഷ്യത്തില്‍ താരത്തിന്റെ കുടുംബാഗങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നതാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് മൂന്നാമതും താരം വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരങ്ങള്‍ക്കിടെ നിരവധി തവണ സന മാലിക്കിനെ നേരിട്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ എല്ലാം ശരിയല്ലെന്ന് വിശ്വസിക്കപ്പെടുന്നു. സനയും ഷോയിബും പരസ്പരം അകന്നു നില്‍ക്കുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്ന് അവരുടെ വേര്‍പിരിയല്‍ റിപ്പോര്‍ട്ടുകള്‍ ശക്തമായി. 2007 ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ഫൈനലിലേക്ക് നയിച്ച 43 കാരനായ മാലിക്ക് ഇതുവരെ 35 ടെസ്റ്റുകളും 287 ഏകദിനങ്ങളും 124 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ടീമിനായി ടെസ്റ്റില്‍ 1898 റണ്‍സും ഏകദിനത്തില്‍ 7534 റണ്‍സും ടി20 ഫോര്‍മാറ്റില്‍ 2435 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ, ടെസ്റ്റില്‍ 32 വിക്കറ്റുകളും ഏകദിനത്തില്‍ 158 വിക്കറ്റുകളും ടി20യില്‍ 28 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.












Click it and Unblock the Notifications