ഗവര്‍ണര്‍ക്ക് മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്ന് സഞ്ജയ് ദത്ത്
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്ത്, താന്‍ ഗവര്‍ണര്‍ക്ക് മാപ്പപേക്ഷ നല്‍കിയതായുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി. അത്തരത്തിലുള്ള ഒരു മാപ്പപേക്ഷയും താന്‍ നല്‍കിയിട്ടില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ചില മാധ്യമങ്ങളില്‍ ദത്തിന്റെ അപേക്ഷ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളിയെന്ന വാര്‍ത്തയുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ സഞ്ജയ് ദത്തിനുവേണ്ടി മാപ്പപേക്ഷ നല്‍കിയത് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ്. കട്ജുവിന്റെ മാപ്പപേക്ഷയെക്കുറിച്ച് ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ചിലതില്‍ സഞ്ജയ് ദത്ത് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭിഭാഷകരായ ഹിതേഷ് ജയിനും സുഭാഷ് ജാദവും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയതെന്ന് സ്ഥിരീകരിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ട സൈബുന്നീസ കാസി ഉള്‍പ്പടെയുള്ള മറ്റ് പ്രതികള്‍ക്കും കൂടി വേണ്ടിയാണ് ജസ്റ്റിസ് കട്ജു ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് അപേക്ഷ നല്‍കിയത്. എന്നാല്‍, മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു. സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചുവരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ജയിലില്‍ പോയശേഷം പലവട്ടം സഞ്ജയ് ദത്ത് പരോളില്‍ പുറത്തിറങ്ങിയത് വിവാദമായിരുന്നു.
1993ലെ മുംബൈ സ്‌ഫോടന പരമ്പര സമയത്ത് നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെട്ട കാലയളവില്‍ ഒന്നരവര്‍ഷത്തോളം ജാമ്യം ലഭിക്കാതെ ദത്ത് ജയിലില്‍ കഴിഞ്ഞിരുന്നു. ആയതിനാല്‍ ശിക്ഷാ കാലാവധിയില്‍ അത്രയും ദിവസങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications