'ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ നിങ്ങളെ പുറത്ത് ചാടിക്കും';സഞ്ജയ് റൗത്ത്
ദില്ലി: അമിത് ഷായ് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിങ്ങള്‍ പുറകോട്ട് പോകേണ്ടതില്ല. നിങ്ങളെ ഞങ്ങള്‍ പിടിച്ച് പുറത്താക്കുമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. ജമാഅത്ത് ഇ ഇസ്ലാമിക് ഹിന്ദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റൗത്ത്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ താനും തന്‍റെ പാര്‍ട്ടിയും പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. മഹാരാഷ്ട്രയിലെ പരാജയത്തില്‍ നിന്നും ബിജെപി ഇതുവരെ മോചിതരായിട്ടില്ല. ഇനിയും അവര്‍ക്ക് നമ്മള്‍ കൂടുതല്‍ പ്രഹരം നല്‍കേണ്ടതുണ്ട്. ഭയപ്പെടേണ്ടതില്ല. രാജ്യത്ത് ആരേയും ഭയക്കേണ്ടതില്ലെന്ന പാഠമാണ് മഹാരാഷ്ട്ര നല്‍കിയത്. ഞങ്ങള്‍ ഈ രാജ്യത്തിന് മാര്‍ഗം കാണിച്ച് നല്‍കി, റൗത്ത് പറഞ്ഞു.

രാജ്യമാണ് നമ്മുടെ മതം. നമ്മള്‍ എല്ലാവരും ഒന്നിക്കണം. അതാണ് ബിജെപി ഭയക്കുന്നത്. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നാണ് സേന സ്ഥാപകന്‍ ബാല്‍ താക്കറേയും വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ബാല്‍താക്കറെ ഇതുവരെ ആവശ്യപ്പെട്ടിരുന്നില്ല. രാജ്യദ്രോഹികള്‍ക്കെതിരായണ് അദ്ദേഹം നിലയുറച്ചത്. നിരവധി മുസ്ലീം നേതാക്കളുമായി അദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നും റൗത്ത് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ വെടിയുതിര്‍ത്താല്‍ അതിനര്‍ത്ഥം രാജ്യത്തെ ജനാധിപത്യം അപകടാവസ്ഥയിലാണെന്നാണ്. മതപരമായ വിഭജനം തടയാൻ കോൺഗ്രസിന് കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. അങ്ങനെയാണെങ്കിൽ, നിങ്ങള്‍ ഇത്രയും കാലം എവിടെയായിരുന്നു, റൗത്ത് ചോദിച്ചു. പ്രതിപക്ഷ നേതാക്കള്‍ പാകിസ്താനെ പിന്തുണയ്ക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയേയും റൗത്ത് രൂക്ഷമായി വിമര്‍ശിച്ചു. ഈ വിഭജന രാഷ്ട്രീയം അപകടമാണെന്നും റൗത്ത് പറഞ്ഞു.


Click it and Unblock the Notifications