പാക് ജയിലില്‍ മരിച്ച സരബ്ജിത് സിങ്ങിന്റെ സഹോദരി ബിജെപിയില്‍
ഫസില്‍ക: സരബ്ജിത് സിങ്ങിനെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ദീര്‍ഘകാലം ശ്രമം നടത്തിയ സഹോദരി ദല്‍ബീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. സഹോദരനെ മോചിപ്പിക്കാനായി 2005 മുതല്‍ ദല്‍ബീര്‍ ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് സഹോദരി ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.
ബി.ജെ.പി എം.എല്‍.എയും പഞ്ചാബ് മന്ത്രിയുമായ സുര്‍ജിത് ജ്ഞാനിയുടെ സാന്നിധ്യത്തില്‍ ഫസില്‍കയില്‍ നടന്ന ചടങ്ങിലാണ് അവര്‍ ബി.ജെ.പി അംഗത്വമെടുത്തത്. പഞ്ചാബില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വ്യക്തിയാണ് സരബിജിത് സിങ്. അതുകൊണഅടുതന്നെ ദല്‍ബീറിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

1991 ലാണ് ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പാകിസ്ഥാനിലെ കോടതി ഇന്ത്യന്‍ പൗരന്‍ സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്. എന്നാല്‍, ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തിയതോടെ വധശിക്ഷ നടപ്പാക്കുന്നത് പാക് സര്‍ക്കാര്‍ സ്‌റ്റേ ചെയ്തിരുന്നു. സരബ്ജിത്തിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച ശ്രമങ്ങള്‍ വിജയത്തിലെത്താനിരിക്കെ 2013 ഏപ്രിലില്‍ ലാഹോര്‍ ജയിലില്‍വച്ച് സഹതടവുകാരന്റെ ആക്രമണത്തിന് ഇരയായി സരബ്ജിത് മരിക്കുകയായിരുന്നു.












Click it and Unblock the Notifications