ശശികല വീണ്ടുമെത്തുന്നു!! ഭരണം പിടിക്കാന്‍....ജയിലില്‍ നിന്ന് ഉടന്‍ പുറത്തേക്ക്!! ഒപിഎസ് ഞെട്ടി
ഫെബ്രുവരി 14നാണ് ശശിലകലയ്ക്കു മറ്റു രണ്ടു പേര്‍ക്കുമെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്
ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ ഇരുവിഭാഗത്തെയും അലട്ടുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. തടവുശിക്ഷ അനുഭവിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല ഉടന്‍ ജയിലില്‍ നിന്ന് ഇറങ്ങിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തന്നെ തടവുശിക്ഷയ്ക്കു വിധിച്ചതിനെതിരേ സുപ്രീം കോടിതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ശശികല തീരുമാനിച്ചു.

ശശികല മാത്രമല്ല ഇതേ കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വി എന്‍ സുധാകരന്‍, ഇളവരശി എന്നിവരും പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ശശികലയെയും കൂട്ടാളികളെയും കോടതി നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. ഏകദേശം 66 കോടിയോളം രൂപ അനധികൃതമായി ഇവര്‍ സമ്പാദിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

2017 ഫെബ്രുവരി 14നാണ് സുപ്രീം കോടതി ശശികലയ്ക്കും സംഘത്തിനുമെതിരേ ശിക്ഷ വിധിച്ചത്. നേരത്തേ ഇവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ചത്. 2016 ഡിസംബര്‍ അഞ്ചിന് ജയലളിത മരിച്ചതിനാല്‍ കേസില്‍ നിന്നു ഇവരെ കോടതി ഒഴിവാക്കിയിരുന്നു.

തങ്ങള്‍ പൊതു പ്രവര്‍ത്തകരോ സര്‍ക്കാര്‍ ജീവനക്കാരോ അല്ലെന്ന് പുനപ്പരിശോധനാ ഹരജിയില്‍ ശശികലയും മറ്റു പ്രതികളും വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധ നിയമം തങ്ങള്‍ക്കെതിരേ ചുമത്താന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുപ്രവര്‍ത്തകയായ ജയലളിതയാണ് കേസിലെ ഒന്നാം പ്രതി. അവര്‍ മരിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ തങ്ങള്‍ക്കെതിരേ മാത്രം കേസ് നിലനില്‍ക്കില്ലെന്നും ശശികലയു മറ്റു പ്രതികളും പറയുന്നു. മാത്രമല്ല തങ്ങളെല്ലാം വെവ്വേറെ ആദായ നികുതി അടയ്ക്കുന്നവരാണ്. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് തങ്ങള്‍ കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ശശികലയെ സ്വന്തം പക്ഷത്തുള്ളവര്‍ തന്നെ കൈവിട്ട മട്ടായിരുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ എത്തുന്നുള്ളൂ. ജയിലില്‍ അടയ്ക്കപ്പെട്ട ആദ്യ നാളുകളില്‍ ശശികലയെ സന്ദര്‍ശിക്കാന്‍ നിരവധി പ്രമുഖര്‍ ജയിലില്‍ എത്തിയിരുന്നു. ഇപ്പോള്‍ എല്ലാവരും ശശികലയെ തഴഞ്ഞിരിക്കുകയാണ്.

ജയിലില്‍ നിന്നു പുറത്തിറങ്ങിയാലും ശശികലയ്ക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം അണ്ണാ ഡിഎംകെയുടെ ഒരു വിഭാഗം ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കൊപ്പമാണ്. തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില തിരിച്ചുപിടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ കസ്റ്റഡിയിലാണ് ദിനകരന്‍. ദിനകരനും ഒപ്പമില്ലാത്തതിനാല്‍ ശശികല ആരെ കൂട്ടുപിടിച്ച് പാര്‍ട്ടിയില്‍ പഴയതുപോലെ ആധിപത്യം നേടുമെന്നാണ് അറിയാനുള്ളത്.

ജയിലില്‍ പോവുന്നതിന് തൊട്ടുമുമ്പ് ശശികല ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. കുറച്ചു കാലം ദിനകരനു കീഴില്‍ മുന്നോട്ട് പോയ എംഎല്‍എമാര്‍ പിന്നീട് അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു പളനിസ്വാമിയും സംഘവും പുറത്താക്കിയിരുന്നു.

പളനിസ്വാമി-ഒ പനീര്‍ശെല്‍വം ഗ്രൂപ്പുകളിലായി വിഭജിച്ചു നില്‍ക്കുന്ന അണ്ണാ ഡിഎംകെ ലയിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ സൂചനകള്‍ വന്നിരുന്നെങ്കിലും അത് ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. ഇരുവിഭാഗവും ചില കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനെ തുടര്‍ന്നാണിത്. ഇനി ശശികലയെ സുപ്രീം കോടതി ജയിലില്‍ നിന്നു വിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നുറപ്പാണ്.

സുപ്രീം കോടതി പുറത്തുവിട്ടാലും ശശികലയ്ക്ക് ഇനി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം പളനിസ്വാമി വിഭാഗം ഇപ്പോള്‍ ശശികലയ്ക്ക് എതിരാണ്. മറുഭാഗത്ത് പനീര്‍ശെല്‍വയും ശശികലയെ സ്വീകരിക്കില്ല. അതുകൊണ്ടു തന്നെ മടങ്ങിവരികയാണെങ്കില്‍ ശശികല പുതിയൊരു പാര്‍ട്ടി തന്നെ ഉണ്ടാക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications