യുഎഇയെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തിരിച്ചുവരവ്;വിജയിച്ചത് ഈ തന്ത്രം.. ഇന്ത്യയിലേക്കുള്ള ക്രൂഡ് വരവ് കുതിച്ചു
ഒക്ടോബറിൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. യുഎഇയെ ആണ് സൗദി മറികടന്നത്. ഇതാദ്യമായാണ് ഇറാൻ യുദ്ധത്തിന് ശേഷം സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉയരുന്നത്. വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിനായി വില കുറച്ച് എണ്ണ നൽകിയതാണ് സൗദിക്ക് ഗുണമായത്. റഷ്യ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. പ്രതിദിനം 790,000 ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്തത്. യുഎഇയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 612,000 ബാരൽ എണ്ണയാണ് ഇവിടെ നിന്നും വാങ്ങിയത്.
കഴിഞ്ഞ മാസം ഹൂതികളുടെ ആക്രമണത്തിൽ
സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യം എണ്ണ ഉത്പാനദനം വർധിപ്പിക്കുകയും ചെങ്കടൽ തുറമുഖമായ യാൻബുവിലൂടെ കൂടുതൽ അളവിൽ എണ്ണ കയറ്റുമതി ചെയ്യുകയും ചെയ്തു. മാത്രമല്ല എണ്ണവിലയിൽ വലിയ വിലക്കിഴിവും നൽകി.
നേരത്തേ എണ്ണ വില കുറച്ച് നൽകിയാണ് റഷ്യയും ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. യുക്രൈൻ ആക്രമണത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ എണ്ണ വില കുറച്ച് നൽകിയത്. സമാന തന്ത്രമാണ് സൗദിയും ഇപ്പോൾ നടപ്പാക്കിയത്.
അതേസമയം ഒക്ടോബററിൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോഡ് തൊട്ടു. പ്രതിദിനം 5.58 മില്യണ്‍ ബാരലാണ് ഇറക്കുമതി ചെയ്തത്. സെപ്റ്റംബറിനെ അപേക്ഷിച്ച് 4.7 ശതമാനം അധികമാണിത്. കഴിഞ്ഞ സെപ്റ്റംബറിനേക്കാൾ 6.9 ശതമാനം കൂടുതലും.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി സപ്റ്റംബറിനേക്കാൾ 3.5 ശതമാനം ഉയർന്ന് പ്രതിദിനം 18.5 ലക്ഷം ബാരലായി. രാജ്യത്തെ ആകെ ഇറക്കുമതിയുടെ മൂന്നിലൊന്ന് വരുമിത്. ഇറാൻ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ ഇന്ത്യ റഷ്യയിൽ നിന്നാണ് കൂടുതലായി ഇറക്കുമതി ചെയ്തത്.

ഇറാൻ-യു.എസ് സംഘർഷം കടുത്തതോടെ സൗദിയിൽ നിന്നുള്ള എണ്ണവരവ് മന്ദഗതിയിലായിരുന്നു. അതേസമയം ഏപ്രിലിന് ശേഷം നേരിയ തോതിൽ തിരിച്ചുവരാൻ യു.എ.ഇയ്ക്ക് സാധിച്ചിരുന്നു.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള എട്ട് മാസത്തെ കാലയളവിനിടയിൽ ശരാശരി 741,400 ബാരൽ എണ്ണയാണ് യുഎഇയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. അതായത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41.8 ശതമാനം വർധനവ്. അതേസമയം സൗദിയിൽ നിന്നുള്ള ഇറക്കുമതി 18.4 ശതമാനം ഇടിഞ്ഞ് 484,100 ബാരലിലേക്ക് താഴ്ന്നിരുന്നു.


Click it and Unblock the Notifications
