സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും?
പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരി കൊണ്ടതോടെ ലോകം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് ഹോർമുസ് കടലിടുക്കിൽ ഇറാൻ എന്ത് നടപടി കൈക്കൊള്ളുമെന്നതിനെ കുറിച്ചായിരുന്നു. ലോകത്തിലെ എണ്ണ വ്യാപാരത്തിൻ്റെ പ്രധാന പാതയാണ് ഈ കടലിടുക്ക്.ദിവസം 15ദശലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി കടന്നുപോകുന്നത് എന്നാണ് കണക്കുകൾ. ലോകം ആശങ്കപ്പെട്ടത് പോലെ തന്നെ ഈ കടലിടുക്ക് ഇപ്പോൾ ഇറാൻ അടച്ചിരിക്കുകയാണ്. ആരെങ്കിലും പാത അതിക്രമിച്ച് കടക്കാൻ ശ്രമിച്ചാൽ അവരെ കത്തിച്ച് ചാരമാക്കുമെന്ന ഭീഷണിയും ഇറാൻ ഉയർത്തി.
ലോകരാജ്യങ്ങളെയാകെ ഈ നീക്കം ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ ഇത് കാരണമാകും. അതേസമയം ഇറാൻ്റെ ഈ നടപടി ഇന്ത്യയ്ക്കാകും കൂടുതൽ ക്ഷീണം വരുത്തുക. കാരണം ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് വരുന്നത്.

ജനുവരിയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 55% പശ്ചിമേഷ്യയിൽ നിന്നായിരുന്നു. ഇത് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. പ്രതിദിനം ഏകദേശം 27.4 ലക്ഷം ബാരൽ എണ്ണയാണ് ഇങ്ങനെ എത്തുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ ഹബ്ഷാ ഫ്യുജൈഫ, സൌദിയലെ ഈസ്റ്റ് വെസ്റ്റ് വാതക ലൈൻ എന്നിവയെ ഒക്കെ ആശ്രയിക്കാനുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെങ്കിലും ഗൾഫ് രാജ്യങ്ങളേയും ഇറാൻ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ നീക്കം വിഫലമായേക്കും.
റഷ്യയെ കൈവിട്ടില്ലേ
യുക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത രാജ്യം റഷ്യയായിരുന്നു. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ലഭ്യമായതോടെ ഇന്ത്യ ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് വലിയ തോതിൽ കുറച്ചു. എന്നാൽ യുഎസുമായുള്ള ഇടക്കാല കരാറിനെ തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണയിടപാട് പൂർണമായും ഉപേക്ഷിക്കാനുള്ള നീക്കത്തിലായിരുന്നു ഇന്ത്യ.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ യു.എസ് വിലക്കുകളെ മറികടന്ന് വീണ്ടും റഷ്യയെ ആശ്രയിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.
വില കുതിക്കും
ആഗോള ക്രൂഡ് വിലയിൽ ഓരോ ഡോളർ വർദ്ധനവും ഇന്ത്യയുടെ വാർഷിക ഇറക്കുമതി ബില്ലിൽ ഏകദേശം 2 ബില്യൺ ഡോളറിന്റെ അധിക ഭാരം കൂട്ടും. ഇത് പണപ്പെരുപ്പത്തിനും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിക്കുന്നതിനും ആഭ്യന്തര ഇന്ധന വിലനിർണ്ണയത്തെ സങ്കീർണ്ണമാക്കുന്നതിനും കാരണമാകും.ഡിറ്റർജന്റുകൾ, ബിസ്കറ്റുകൾ, ടൂത്ത്പേസ്റ്റുകൾ, പെയിന്റുകൾ, പാക്കേജിംഗ് സാമഗ്രികൾ എന്നിവയുടെയെല്ലാം പ്രധാന അസംസ്കൃത വസ്തുവാണ് ക്രൂഡ് ഓയിൽ, . എഫ്.എം.സി.ജി. (FMCG) കമ്പനികളുടെ ഉത്പാദനച്ചെലവിന്റെ 25 ശതമാനത്തിലധികവും പെയിന്റ് നിർമ്മാതാക്കളുടെ 40 ശതമാനത്തോളവും ഈ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ്. അതിനാൽ, ക്രൂഡ് വിലയിൽ തുടർച്ചയായ വർദ്ധനവുണ്ടായാൽ ദൈനംദിന ഉപയോഗ വസ്തുക്കളുടെ വിലയും ഉയരും.
സാഹചര്യം നിരീക്ഷിക്കുന്നു
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ക്രൂഡ് ഓയിൽ, ഇന്ധന വിതരണ സ്ഥിതി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്.
റഷ്യൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25% താരിഫുകളിൽ നിന്ന് യുഎസ് ഇളവ് നൽകുകയാണെങ്കിൽ അത് ഇന്ത്യക്ക് ഒരു ആശ്വാസമാകും. ട്രഷറി, ഊർജ്ജ വകുപ്പുകൾ ചൊവ്വാഴ്ച വിലനിയന്ത്രണ നടപടികൾ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ ഉപരോധങ്ങളിൽ ഇളവ് വരുത്തുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications