സൗദിയും യുഎഇയും ഇറാഖും ചിരിക്കുന്നു; പക്ഷെ ഇന്ത്യയ്ക്ക് ചെലവേറും. ട്രംപിന്റെ മുട്ടൻ പണി, വെല്ലുവിളി
റഷ്യയ്ക്കെതിരായ നീക്കം കടുപ്പിക്കുകയാണ് യുഎസ്. 50 ദിവസത്തിനുള്ളിൽ യുക്രൈനിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുമെന്നും യുക്രൈന് കൂടുതൽ സഹായം നൽകുമെന്നുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. മാത്രമല്ല റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിൽ എണ്ണ വില വർധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. വിശദമായി നോക്കാം

യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്ക്കെതിരെ യുഎസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഉപരോധം കടുപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യയിൽ നിന്നും കൂടുതലായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് തുടങ്ങിയത്. വിപണി നഷ്ടപ്പെട്ടതോടെ വിലക്കുറവിൽ റഷ്യ എണ്ണ വിറ്റ് തുടങ്ങിയതാണ് ഇന്ത്യയ്ക്ക് സഹായരമായത്. സംഘർഷങ്ങൾക്ക് മുൻപ് ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നായിരുന്നു കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഈ സമയത്ത് 1 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ കെപ്ലർ ഡാറ്റ പ്രകാരം, ഈ വർഷം ഒപെക് ഉൽപ്പാദക രാജ്യങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതിയുടെ മൂന്നിലൊന്നിലധികമായി റഷ്യൻ ഇറക്കുമതി ഉയ്‍ന്നു.
ജൂണിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി പ്രതിദിനം 2.1 ദശലക്ഷം ബാരലായിരുന്നു. അതായത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. 2023 മെയ് മാസത്തിലെ റെക്കോഡ് ഇറക്കുമതിക്ക് തൊട്ടടുത്ത് വരും ഇത്. വിലക്കുറവിൽ റഷ്യൻ എണ്ണ ലഭിക്കുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. നിലവിൽ ഇറാഖ്, സൗദി, യുഎഇ എന്നിവയാണ് റഷ്യ കഴിഞ്ഞാൽ മറ്റ് സ്ഥാനങ്ങളിൽ വരുന്നത്. യുഎസിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അഞ്ചാം സ്ഥാനത്താണ് നിലവിൽ യുഎസ്.
മാർക്കറ്റ് പ്രതികരണം എന്താണ്?
ട്രംപിന്റെ ഭീഷണി വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. ആഗോളതലത്തിൽ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 2 ശതമാനത്തോളം കുറഞ്ഞ് ബാരലിന് 70 ഡോളറിലാണ് നിലനിൽ തുടരുന്നത്.. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കാര്യമായ തടസങ്ങൾ ഉണ്ടാകില്ലെന്ന വിലയിരുത്തലാണ് വിലയെ സ്വാധീനിക്കാതിരുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയ്ക്ക് വെല്ലുവിളിയോ?
യുഎസ് 100 ശതമാനം തീരുവ ചുമത്തിയാൽ അത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിക്കേണ്ടി വരുമെന്ന് റിസ്റ്റഡ് എനർജി എ/എസിലെ കമ്മോഡിറ്റി മാർക്കറ്റ് മേധാവി മുകേഷ് സാഹ്ദേവ് ചൂണ്ടിക്കാട്ടുന്ന. ഈ സാഹചര്യങ്ങളിൽ ഒപെക് രാജ്യങ്ങളെ ഇന്ത്യ കൂടുതലായി ആശ്രയിക്കേണ്ടി വരും. ഇതോടെ വീണ്ടും വലിയ ചെലവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യേണ്ടതായി വരും', അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുള്ള നഷ്ടം നികത്തുന്നതിന് ഇറാഖ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളേയും ആഫ്രിക്കയേയും ഇന്ത്യക്ക് കൂടുതലായി ആശ്രയിക്കേണ്ടി വരും. ഇത് ഇന്ത്യക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയ്ക്കും വഴിവെക്കും. കാരണം ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മെയ് മാസത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി റഷ്യയിൽ നിന്നുള്ളതിനേക്കാൾ ബാരലിന് 5 ഡോളർ കൂടുതലായിരുന്നു. ഇറാഖിൽ നിന്നുള്ള കയറ്റുമതിക്ക് ഏകദേശം 50 സെൻ്റ് കൂടുതൽ വിലയുണ്ടായിരുന്നു.












Click it and Unblock the Notifications