തിരിച്ചടിച്ച് സൗദി.. 136 ഹൂതി സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന
ഹൂതി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുമായി സൗദി അറേബ്യ. യെമനിലെ നൂറിലധികം ഹൂതി സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ച യെമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം ജൂലൈയില്‍ ആണ് വീണ്ടും രൂക്ഷമാവുകയും സൗദി അറേബ്യയിലേക്കും വ്യാപിക്കുകയും ചെയ്തത്.
'ഹൂതി ഭീകര സേനയുടെ അംഗങ്ങളെയും അവരുടെ സൈനിക ശേഷിയെയും ലക്ഷ്യമിട്ട് ഞങ്ങള്‍ വിപുലമായ ഒരു സൈനിക നീക്കം നടത്തിവരികയാണ്,' സൗദി സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍-മാലിക്കി എക്‌സില്‍ കുറിച്ചു. ഹൂതി ഭീകര സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 136 സൈനിക ലക്ഷ്യങ്ങള്‍ തങ്ങള്‍ തകര്‍ത്തു എന്നും അദ്ദേഹം അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ യമനിലെ സാദ പ്രവിശ്യയിലെ പ്രദേശങ്ങളെ സൗദി മിസൈലുകള്‍ ലക്ഷ്യമിട്ടതായി ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍-മസീറ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിന് നേരെ സൗദി നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യെമനിലെ ചെങ്കടല്‍ തീരത്തുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിനൊപ്പം, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങള്‍, എണ്ണ ശുദ്ധീകരണ-സംഭരണ ശാലകള്‍, മറ്റ് സാധാരണക്കാരുടെ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആഗോള കപ്പല്‍ ഗതാഗതത്തിന് നിര്‍ണായകമായ ബാബ് അല്‍-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണങ്ങള്‍ നടത്തിയിട്ടും, ഹൂതികളുടെ മുന്നേറ്റം തടയാനോ പിന്തിരിപ്പിക്കാനോ സൗദി അറേബ്യയ്ക്കും യെമന്‍ സര്‍ക്കാര്‍ സേനയ്ക്കും കാര്യമായ വിജയം നേടാനായിട്ടില്ല.
അതിനിടെ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഹൂതി മിസൈലുകള്‍ തടഞ്ഞ് നശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഖാമിസ് മുഷൈതിനെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് നശിപ്പിച്ച വിവരവും അവര്‍ പങ്കുവെച്ചു. മിസൈല്‍ തടയുന്നതിനിടെ താഴെ വീണ അവശിഷ്ടങ്ങള്‍ പതിച്ച് റിയാദിലെ ഒരു കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ കോംപ്ലക്‌സിനും കേടുപാടുകള്‍ സംഭവിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സിയും അറിയിച്ചു.
ഒക്ടോബര്‍ 8 ന് ഹൂതികള്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് ആക്രമണങ്ങള്‍ നടക്കുകയും അതില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെങ്കില്‍, രണ്ടാമത്തേത് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയയുടെ ഒരു വിമാനത്തിന് നേരെയായിരുന്നു.
ഈ ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാരിലൊരാളായ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമി കൊല്ലപ്പെട്ടതായി സൗദിയ അറിയിച്ചു. റിയാദ് വിമാനത്താവളത്തിലും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള അബഹ വിമാനത്താവളത്തിലും ഈ ആഴ്ച നേരത്തെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് പേരാണ് ഹൂതി ആക്രമണത്തില്‍ സൗദിയില്‍ കൊല്ലപ്പെട്ടത്.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സുഡാനീസ് പൗരന്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൊറോക്കോ, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വനിതകള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Click it and Unblock the Notifications
