ഇത് ആദ്യം, സൗദി അറേബ്യന്‍ ആർമി ഇന്ത്യന്‍ മണ്ണിലേക്ക്: വരുന്നത് രാജസ്ഥാനിലേക്ക്
ജയ്‌സാൽമീർ: സൗദി അറേബ്യന്‍ ആർമി ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നു. സംയുക്ത സൈനിക അഭ്യാസത്തിന് വേണ്ടിയാണ് ആദ്യമായി സൗദി അറേബ്യന്‍ സേന ഇന്ത്യയിലേക്ക് എത്തുന്നത്. 2024 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന ആദ്യത്തെ "സംയുക്ത പരിശീലന"ത്തിനായി ഇന്ത്യൻ ആർമിയും റോയൽ സൗദി ലാൻഡ് ഫോഴ്‌സും തമ്മിൽ ശ്രീഗംഗാനഗർ ജില്ലയിലെ സൂറത്ത്ഗഡ് മിലിട്ടറി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ആലോചന യോഗങ്ങള്‍ നടക്കുകയും ചെയ്തു.
യോഗത്തില്‍ അജണ്ട പോയിന്റുകൾ ചർച്ച ചെയ്തതായും അഭ്യാസത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള പ്രോട്ടോകോളിൽ ഇരു സേനകളുടെയും പ്രതിനിധികൾ ഒപ്പുവെച്ചതായും അധികൃതർ പറഞ്ഞു. യോഗത്തിന് മുന്നോടിയായി അഭ്യാസം നടക്കുന്ന പരിശീലന മേഖല ഇരു സംഘവും സംയുക്തമായി സന്ദർശിച്ചു. റോയൽ സൗദി ലാൻഡ് ഫോഴ്‌സിന്റെ പ്രതിനിധി സംഘവും ഇന്ത്യൻ സൈന്യവും മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ അഭ്യാസ മേഖലയിലെത്തി പരിശോധനകള്‍ നടത്തി.

ഐക്യരാഷ്ട്രസഭയുടെ ഉത്തരവിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലാണ് സംയുക്ത അഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പങ്കാളികൾ സംയുക്ത ആസൂത്രണം, പ്രവർത്തനങ്ങൾ, സംയുക്ത തന്ത്രപരമായ അഭ്യാസങ്ങൾ തുടങ്ങിയ പ്രകടനങ്ങളായിരിക്കും ജനുവരിയില്‍ നടക്കുക. കൂടാതെ ഫീൽഡ് കമാൻഡർമാർക്കും സൈനികർക്കും പരസ്പരം ഇടപഴകാനുള്ള അവസരവും നൽകും.
സൈനിക ബന്ധങ്ങളിൽ ഉഭയകക്ഷി സേനയെ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും മികച്ച സമ്പ്രദായങ്ങളും നടപടികളും കൈമാറുന്നതിലും ഈ അഭ്യാസം വലിയ സംഭാവന നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിലേക്കുള്ള വർദ്ധിച്ചുവരുന്ന നീക്കത്തിന്റെ മറ്റൊരു ചുവടുവയ്പ്പാണ് സംയുക്ത അഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് രാജ്യങ്ങളും ഭീകരതയുടെ പൊതുവായ ഭീഷണി മനസ്സിലാക്കുകയും അതിനെ ചെറുക്കുന്നതിൽ ഒരുമിച്ച് നിൽക്കുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയുടെയും നേപ്പാളിന്റെയും സൈന്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം, സൂര്യ കിരൺ 17 പിത്തോരഗഡിൽ ആരംഭിച്ചു.
14 ദിവസത്തെ അഭ്യാസം ഡിസംബർ ഏഴിന് സമാപിക്കും.നേപ്പാൾ ആർമിയുടെ ശ്രീ താര ബറ്റാലിയനും ഇന്ത്യൻ ആർമിയുടെ പഞ്ച്ഷൂൽ ബ്രിഗേഡിന്റെ കുമയൂൺ ബറ്റാലിയനുമാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം, മാനുഷിക സഹായ വ്യായാമങ്ങൾ, പരിസ്ഥിതി സംരക്ഷണം, വ്യോമയാന മേഖലകളിലെ പരിശീലനം, പുതുതലമുറ ഉപകരണങ്ങളുടെ ഉപയോഗം, അത്യാധുനിക സാങ്കേതിക സിമുലേറ്ററുകൾ, ഡ്രോണുകളുടെ ഉപയോഗം തുടങ്ങിയ തന്ത്രപരമായ പരിശീലനങ്ങളാണ് അഭ്യാസത്തിൽ ഉൾപ്പെടുന്നത്.












Click it and Unblock the Notifications