സൗദി അറേബ്യയും കുവൈത്തും യുഎഇയുമെല്ലാം വിറക്കും; ഇന്ത്യക്ക് ഉറക്കം നഷ്ടപ്പെടില്ല.. പക്ഷെ..
ലോകം ഭയന്ന നിർണായക തീരുമാനവുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഇറാൻ. ലോകത്തിലെ തന്നെ തന്ത്രപ്രധാനമായ ഊർജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടക്കാനാണ് ഇറാന്റെ നീക്കം. ഇത് സംബന്ധിച്ച തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി കഴിഞ്ഞു. ഇറാൻ സുപ്രീം നാഷ്ണൽ സെക്യൂരിറ്റി കൗൺസിലായിരിക്കും പാത അടക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
ഇന്ത്യയെ സംബന്ധിച്ച് ഹോർമുസ് കടലിടുക്ക് വളരെയേറെ പ്രധാനപ്പെട്ട ജലപാതയാണ്. കാരണം ഇന്ത്യയുടെ പ്രതിദിന ക്രൂഡ് ഓയിൽ ഇറക്കുമതിയായ 5.5 ദശലക്ഷം ബാരലിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഹോർമുസ് കടലിടുക്ക് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇറാൻ കടലിടുക്ക് അടച്ചാലും ഇന്ത്യയുടെ ഉറക്കം നഷ്ടപ്പെടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിന് പ്രധാന കാരണം ഇന്ത്യയ തങ്ങളുടെ ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവത്കരിച്ചതാണ്.

ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ആവശ്യത്തിന്റെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നത്. ഈ രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴിയാണ് എണ്ണ കയറ്റി അയക്കുന്നത്. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുക്രൈൻ സംഘർഷത്തിന് പിന്നാലെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം ശക്തമായതോടെ റഷ്യ ഇന്ത്യയ്ക്ക് വിലക്കുറവിൽ എണ്ണ വിതരണം ചെയ്ത് തുടങ്ങുകയായിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് അനുഗ്രഹമായത്.
ജൂണിൽ മാത്രം 2-2.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. മാത്രമല്ല ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്ന ഏകദേശം 2 ദശലക്ഷം ബാരലിനേക്കാൾ കൂടുതലും ആണിത്. മാത്രമല്ല അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയും കുത്തനെ ഉയർന്നു. ജൂണിൽ 439,000 ബിപിഡിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മെയ് മാസത്തിൽ ഇത് 280,000 ബിപിഡിയായിരുന്നു.
റഷ്യ എണ്ണ വ്യാപാരത്തിനായി ഹോർമുസ് കടലിടുക്കിനെയല്ല ആശ്രയിക്കുന്നത്. മറിച്ച് റഷ്യൻ എണ്ണ എത്തുന്നത് ചെങ്കടൽ, കേപ്പ് ഓഫ് ഗുഡ് ഹോപ്പ് അല്ലെങ്കിൽ പസഫിക് സമുദ്ര പാത വഴിയാണ്. പടിഞ്ഞാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ചെലവേറിയതാണെങ്കിലും ഈ മാർഗവും ഇന്ത്യയെ സംബന്ധിച്ച് ബദൽ മാർഗമാണ്.
പ്രകൃതി വാതകത്തിൽ ഇന്ത്യയുടെ പ്രധാന വിതരണക്കാരയ ഖത്തറും വാതക വിതരണത്തിന് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നില്ല. മാത്രമല്ല ഇന്ത്യയ്ക്ക് വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയേയും ബാധിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും കടലിടുക്ക് അടക്കുന്നത് എണ്ണ വില കുത്തനെ ഉയരാൻ വഴിവെച്ചേക്കും. എണ്ണ വില ബാരലിന് 80 ഡോളർ വരെ എത്തിയേക്കുമെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.
പ്രതിസന്ധി രൂക്ഷമായാൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചേക്കും. ചെലവേറുമെങ്കിലും അമേരിക്ക, നൈജീരിയ, അംഗോള, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനും ഇന്ത്യക്ക് സാധിക്കും. നിലവിൽ രാജ്യത്തിന് ആവശ്യമായ എണ്ണ ഉണ്ടെങ്കിലും എണ്ണ വിതരണത്തിൽ എന്തെങ്കിലും തടസം നേരിട്ടാൽ മറ്റ് ബദൽ മാർഗങ്ങൾ ഇന്ത്യ സ്വീകരിക്കുമെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര എണ്ണവില വർധിക്കുകയാണെങ്കിൽ വിലക്കയറ്റം തടയാൻ സർക്കാർ സബ്‌സിഡി നൽകുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications