'സവർക്കർ ഞങ്ങളുടെ ദൈവം, ഞങ്ങൾ ഇത് സഹിക്കില്ല'; രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിൽ ഇടഞ്ഞ് ഉദ്ധവ്
കോൺഗ്രസ് മുൻ എംപി രാഹുൽ ഗാന്ധിയ്ക്കെതിരെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഉദ്ധവ് രംഗത്തെത്തിയത്. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്തുന്നത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ ഉണ്ടാക്കുമെന്നും ഉദ്ധവ് പറഞ്ഞു.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റിൽ നിന്നും അയോഗ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ സവർക്കർ പരാമർശം. പത്രസമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതിനിടെ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നും തന്റെ പേര് രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് ഉദ്ധവിനെ ചൊടിപ്പിച്ചത്.

'14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ നമുക്ക് വായിക്കാനാവൂ. അദ്ദേഹത്തിന്റെ ത്യാഗമായിരുന്നു അത്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല', ഉദ്ധവ് പറഞ്ഞു. രാഹുൽ ഗാന്ധി സവർക്കറെ താഴ്ത്തിക്കെട്ടുന്നത് തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും ഉദ്ധവ് ആവർത്തിച്ചു.
'വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല.ഉദ്ധവ് വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും എൻസിപിയുടെയും സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്, നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്, എന്നാൽ ഇതിൽ സമയം കളയുകയാണെങ്കിൽ ജനാധിപത്യം ഇല്ലാതാകും', ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
അനാവശ്യമായി രാഹുൽ ഗാന്ധി പ്രകോപിതനാകരുതെന്ന് പറഞ്ഞ ഉദ്ധവ് ജനാധിപത്യത്തെ രക്ഷിക്കാൻ തയ്യാറാകണമെന്നും പറഞ്ഞു. മോദിയല്ല ഇന്ത്യ, മോദിയെ ചോദ്യം ചെയ്യുന്നത് ഇന്ത്യയെ അപമാനിക്കൽ അല്ല', ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications