ഇന്ത്യയല്ല, ഭാരതം എന്ന് പറയൂ; പേര് മാറ്റ ആവശ്യം ശക്തമാക്കി ആർഎസ്എസ്
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റണമെന്ന ആവശ്യം ശക്തമാക്കി ആർഎസ്എസ്. ഇന്ത്യയെന്നല്ല മറിച്ച് ഭാരതം എന്നാണ് വിളിക്കേണ്ടതെന്നും എന്തുകൊണ്ടാണ് ഇപ്പോഴും ഭരണഘടനയിൽ ഇന്ത്യ എന്ന് പരാമർശിച്ചിരിക്കുന്നതെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലേ ചോദിച്ചു. ഉത്തര്‍പ്രദേശിലെ പഞ്ചശീല്‍ ബാലക് ഇന്റര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച പുസ്തക പ്രകാശചടങ്ങിൽ വെച്ചാണ് ദത്താത്രേയയുടെ പരാമർശം.
' ഇന്ത്യ എന്നത് ഇംഗ്ലീഷ് പേരാണ്. ബ്രീട്ടുഷുകാരുടെ കാലത്ത് നൽകിയത്. എന്തുകൊണ്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഭരണഘടനയും ഇപ്പോഴും ഇന്ത്യ എന്ന് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കഴിഞ്ഞ ജി 20 ഉച്ചകോടിയിൽ റിപബ്ലിക് ഓഫ് ഭാരത് എന്ന് പരാമർശിച്ചിട്ടുണ്ട്. ഇന്ത്യ എന്ന് വിളിക്കുന്നതിന് കാരണം ബ്രീട്ടീഷ് അധിനിവേശമാണ്.ബ്രിട്ടീഷ് ഭരണം ഇന്ത്യൻ ബോധത്തെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്.

മുഗളൻമാർ ഭാരതത്തെ കൊള്ളയടിച്ചു, നമ്മുടെ ക്ഷേത്രങ്ങൾ തകർത്തു, ഗുരുകുലങ്ങളെ നശിപ്പിച്ചു, പ്രാചീന സംസ്കാരത്തെ ഇല്ലാതാക്കി, നമ്മളെ ഭരിച്ചു എന്നാൽ ബ്രീട്ടീഷുകാർ പെരുമാറിയത് പോലെ നമ്മൾ ഏറ്റവും താഴ്ന്നവരാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് അവർ നമ്മളെക്കാൾ മികച്ചവരാണെന്ന ചിന്ത നമ്മുക്കുണ്ടായി. ഇംഗ്ലീഷ് മീഡിയം' എന്ന ആശയം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബിസിനസ്സ് ഇവിടെ തഴച്ചുവളരുന്നത്. കൊളോണിയൽ കാലഘട്ടത്തെ മാനസികാവസ്ഥയിൽ നിന്നും നമ്മൾ മാറണം', ദത്താത്രേയ പറഞ്ഞു.
മറ്റുള്ളവരെ താഴ്ത്തിക്കെട്ടാതെ നമ്മുടെ സ്വത്വം ഉയർത്തിപ്പിടിക്കണമെന്ന് ദത്താത്രേയ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങൾക്ക് മേൽ ആദിപത്യം സ്ഥാപിക്കുന്നതിലോ അവരെ ദ്രോഹിക്കുന്നതിലോ ഞങ്ങൾ വിശ്വസിക്കുന്നില്ല. ആഗോള നൻമയ്ക്ക് വേണ്ടി നിലകൊള്ളണം, ഐക്യവും മാതൃകാപരവുമായ നേതൃത്വം ഇതിന് അത്യാവശ്യമാണ്', ദത്താത്രേയ പറഞ്ഞു.
അതേസമയം ദത്താദ്രേയയുടെ വാക്കുകൾക്കെതിരെ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ' നമ്മൾ നമ്മുടെ രാജ്യത്തെ ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നെല്ലാം വിളിക്കാറുണ്ട്. ആർക്ക് എന്ത് വിളിക്കണമോ ആ പേരിലെല്ലാം രാജ്യത്തെ വളിക്കാം. ഇന്ത്യൻ നാവിക സേന, ഇന്ത്യൻ സൈന്യം, സാരേ ജഹാൻ സേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ എന്നാണ് പറയുന്നത്', ഒമർ പറഞ്ഞു. ശിവേസനയും ദത്താദ്രേയയെ വിമർശിച്ചു. രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.












Click it and Unblock the Notifications