എസ്ബിഐ ഡാറ്റ ചോര്‍ന്നു; 3897 ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍. ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയില്‍ 3897 രേഖകളില്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളുണ്ടെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇടപാടുകാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ബാങ്കിന്റെ പ്രധാന ഐടി സംവിധാനങ്ങള്‍ക്കും അക്കൗണ്ടുകളിലെ പണത്തിനും ഭീഷണിയില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ഒക്ടോബര്‍ 16നാണ് ഡാറ്റ ചോര്‍ന്നു എന്ന മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. ഈ വേളയിലാണ് 4000ഓളം വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെത്തി എന്ന് മനസിലായത് എന്് എസ്ബിഐ സെബിയെ അറിയിച്ചു.

പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ഇമെയില്‍ വിലാസം, താമസവിലാസം, ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. രേഖ ചോര്‍ന്ന ഉപഭോക്താക്കളുടെ പണം നഷ്ടമാകുമെന്ന് ഇതിന് അര്‍ഥമില്ല. എന്നാല്‍ ഈ വിവരങ്ങള്‍ വച്ച് തട്ടിപ്പ് നടത്താന്‍ സാധിക്കും. രേഖകള്‍ ലഭിച്ചാല്‍ വ്യക്തിയെ കുറിച്ചുള്ള വ്യക്തമായ ധാരണ തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുമെന്നതാണ് വെല്ലുവിളി.
വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു, ആരാണ് ഇതിന് പിന്നില്‍, എത്രത്തോളം വിവരങ്ങള്‍ പുറത്തുപോയി തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സമീപകാലത്ത് പൊതുമേഖലാ ബാങ്കുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സൈബര്‍ സുരക്ഷാ സംഭവമാണിത്. ബാങ്ക് ഓഫ് ബറോഡയിലാണ് ഇതിന് മുമ്പ് ഡാറ്റ ചോര്‍ന്നു എന്ന വിവരം വന്നത്.
ബാങ്കില്‍നിന്നാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവര്‍ക്ക് ഒടിപി, പിന്‍, പാസ്വേഡ്, കാര്‍ഡിന്റെ രഹസ്യവിവരങ്ങള്‍ എന്നിവ കൈമാറരുത്. സംശയകരമായ സന്ദേശങ്ങളിലെ ലിങ്കുകള്‍ തുറക്കരുത്. സംശയങ്ങള്‍ ബാങ്കുമായി നേരിട്ട് പരിഹരിക്കുന്നതാണ് നല്ലത്. സംശയകരമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗം ബാങ്കിനെ അറിയിക്കണം.
അതേസമയം, എസ്ബിഐ തങ്ങളുടെ പരിശോധനയില്‍ അല്ല ഡാറ്റ ചോര്‍ന്ന വിവരം അറിഞ്ഞത് എന്നും മറ്റു ഏജന്‍സികള്‍ വഴിയാണ് എന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പറയുന്നു. എസ്ബിഐയുടെ 3.75 ലക്ഷം ഡാറ്റകള്‍ പരസ്യമാക്കിയിട്ടുണ്ടെന്ന് സിരിയുസിയം എന്ന ഹാക്കര്‍ ഗ്രൂപ്പ് അവകാശപ്പെട്ടു. വായ്പാ അപേക്ഷകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഇതില്‍പ്പെടുമെന്നും ഫൗണ്ടേഷന്‍ പറയുന്നു. ഡാറ്റ ചോര്‍ന്ന ഉപഭോക്താക്കളെ എസ്ബിഐ നേരിട്ട് വിവരം ധരിപ്പിക്കുകയാണ് വേണ്ടതെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications
