ഇലക്ടറൽ ബോണ്ട്: എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് എസ് ബി ഐ എല്ലാ വിവരങ്ങളും കൈമാറിയത്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ‍് പൂർണ വിവരങ്ങൾ കൈമാറാനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഈ നിർദ്ദേശത്തിന് പിന്നാലെ രണ്ട് പെൻഡ്രൈവുകളിലാക്കിയാണ് വിവരങ്ങൾ നൽകിയത്. ഇത് സംബന്ധിച്ച കംപ്ലയിൻസ് റിപ്പോർട്ട് എസ് ബി ഐ സുപ്രീംകോടതിക്കും നൽകി.

ആരൊക്കെ ബോണ്ട് നൽകി, ഇത് ഏതൊക്കെ പാർട്ടികൾ പണമാക്കി മാറ്റി എന്നിവയടങ്ങുന്ന വിവരമാണ് കൈമാറിയിട്ടുള്ളത്. അക്കൗണ്ട് നമ്പറും കെ വൈ സിയും ഒഴികെ ബാക്കി എല്ലാ വിവരവും ഉൾപ്പെടുന്ന കാര്യങ്ങളാണ് പെൻഡ്രൈവുകളിൽ ഉള്ളത്. രണ്ട് പെൻഡ്രൈവുകളിൽ ഒന്നിൽ പൂർണ വിവരവും രണ്ടാമത്തെ പെൻഡ്രൈവിൽ ഇവ സംരക്ഷിച്ച് പോന്ന പാസ് വേഡുകളുമാണ് ഉൾപ്പെടുത്തിയത്. വിവരങ്ങൾ ഉടൻ കമ്മീഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. പെൻഡ്രൈവുകളുടെ ഹാർഡ് കോപ്പി ആവശ്യമെങ്കിൽ കൊടുക്കാമെന്നും എസ് ബി ഐ അറിയിച്ചു.
ബോണ്ടുകളുടെ നമ്പറുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാത്ത എസി ബി ഐ നടപടിയെ ചീഫ് ജസ്റ്റിനസ് ഡി വൈ ചന്ദ്ര ചൂഢ് തിങ്കളാവ്ച രൂക്ഷമായി വിമർശിച്ചിരുന്നു. തീയതിയും തുകയും ഉൾപ്പെടെ എല്ലാ വിവരങ്ങളും നൽകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബോണ്ട് നമ്പറടക്കം എല്ലാ വിവരങ്ങളും നൽകാൻ പ്രയാസം ഇല്ലെന്ന് എസ് ബി ഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വ്യക്തമാക്കിയിരുന്നു.
എസ് ബി ഐ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ലിസ്റ്റുകൾ നൽകിയിരുന്നു. അവ മാർച്ച് 14 ന് പോൾ പാനൽ അതിന്റെ വെബ് സൈറ്റിൽ പുറത്തിറക്കി. ആദ്യത്തേതിൽ ദാതാക്കളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ വാങ്ങിയ തീയതികളും ആണ് ഉള്ളത്. മറ്റേതിൽ
രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ എൻക്യാഷ് ചെയ്ത തീയതികളും ആണ് ഉള്ളത്.












Click it and Unblock the Notifications