ഉയർന്ന പ്രതിശീർഷ വരുമാനമെന്ന വാദം, 70 ശതമാനവും ദാരിദ്ര രേഖക്ക് താഴെ'; എങ്ങനെ ശരിയാകുമെന്ന് സുപ്രീം കോടതി
ദില്ലി: ഉയർന്ന വികസന നിരക്കും പ്രതിശീർഷ വരുമാനവും സംബന്ധിച്ച സംസ്ഥാനങ്ങളുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ജനസംഖ്യയുടെ 70 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും സബ്സിഡിയുള്ള ഭക്ഷ്യ വിതരണ പദ്ധതികൾ യഥാർത്ഥത്തിൽ ദരിദ്രരിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻകാർഡുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
'ചില സംസ്ഥാനങ്ങൾ എപ്പോഴും തങ്ങളുടെ വികസന നിരക്കിനെ കുറിച്ച് പറയും.പ്രതിശീർഷ വരുമാനം ഉയർന്നതാണെന്നും ഞങ്ങൾ വളരെ പുരോഗതി കൈവരിച്ചു അവകാശപ്പെടും. പക്ഷേ അവരുടെ ജനസംഖ്യയുടെ 70 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ രണ്ട് ഘടകങ്ങളും എങ്ങനെയാണ് ഒരുമിച്ച് പോകുക. 70 ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയിരിക്കുമ്പോൾ ഉയർന്ന പ്രതിശീർഷ വരുമാനം ഉണ്ടെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണ്', ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ദരിദ്രരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള സബ്സിഡി റേഷൻ സംവിധാനം ജനപ്രീതി നേടിയെടുക്കാനും കണ്ണിൽ പൊടിയിടാനുമുള്ള സർക്കാരുകളുടെ തന്ത്രം മാത്രമാണോയെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം വർധിച്ചുവരുന്ന അസമത്വത്തിൽ നിന്നാണ് പ്രശ്നം ഉടലെടുക്കുന്നതെന്നായിരുന്നു ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗ്ദീപ് ചോക്കർ എന്നിവർക്ക് വേണ്ടി ഹാജരായ അഡ്വ പ്രശാന്ത് ഭൂഷൺ പറഞ്ഞത്.
'അസമത്വത്തിന്റെ തോത് വളരെ അധികം വർധിച്ചിരിക്കുകയാണ്. കുറച്ച് പേരുടെ കൈയ്യിൽ ലക്ഷണക്കണക്കിന് കോടിരൂപയുടെ ആസ്തിയുണ്ട്. അതേസമയം ബഹുഭൂരിപക്ഷത്തിന്റേയും കൈയ്യിൽ 30 ഉം 40 ഒക്കെയാണ് ദിവസ വരുമാനം', പ്രശാന്ത് ഭൂഷൺ പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണോ റേഷൻ കാർഡ് ഗുണഭോക്താക്കളെ തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊതുവിതരണ സംവിധാനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പാവങ്ങൾക്ക് സഹായം എത്തിക്കുന്നതിന് തടസമാകരുതെന്നും ദരിദ്രർക്ക് റേഷൻ എത്തിക്കുന്നതിൽ മുൻഗണന നൽകണമെന്നും ജസ്റ്റിസ് കാന്ത് പറഞ്ഞു.
ദരിദ്രർക്ക് ഒരു ദിവസം കുറഞ്ഞത് രണ്ട് നേരത്തെ ഭക്ഷണമെങ്കിലും ഉറപ്പാക്കണം, അത് അവരുടെ മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.രാജ്യത്തെ ദരിദ്രർക്ക് സബ്‌സിഡി നിരക്കിൽ റേഷൻ ലഭ്യമാക്കണമെന്ന് അങ്ങേയറ്റം യഥാർത്ഥമായ ആശങ്കയാണെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications