സ്കൂള്‍ അവധി, വർക്ക് ഫ്രം ഹോം: കനത്ത മഴയില്‍ രൂക്ഷമായ ഗതാഗത കുരുക്കും; വലഞ്ഞ് ബെംഗളൂരു
ബെംഗളൂരു: മെട്രോ നഗരത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ച് കനത്ത മഴ തുടരുന്നു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ നഗരത്തിലെ ഗതാഗതത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. റോഡുകളിലും അടിപ്പാതകളിലും വെള്ളം കയറിയതിനാല്‍ പല മേഖലകളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്.
മഹാദേവപുര, യെലഹങ്ക, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ ഉൾപ്പെടെ നഗരത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.നഗരത്തിലുടനീളമുള്ള 52 പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായും 39 മരങ്ങൾ കടപുഴകി വീണതായും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി ബി എം പി) അധികൃതർ വ്യക്തമാക്കി.

നൂറിലേറെ വീടുകളെയാണ് വെള്ളക്കെട്ട് രൂക്ഷമായ രീതിയില്‍ ബാധിച്ചത്. മുറികളിലേക്ക് അടക്കം വെള്ളം കയറിയതോടെ പലർക്കും താല്‍ക്കാലികമായി വീട് മാറിപ്പോകേണ്ട അവസ്ഥയുണ്ടായതായും റിപ്പോർട്ടുകള്‍ പറയുന്നു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെൻ്റുകളിലും വെള്ളം കയറി.
നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി. ബിസിനസ് പാർക്കിന്‍റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്തെ വലിയ മതിയില്‍ മഴയെത്തുടർന്ന് നിലം പതിക്കുകയായിരുന്നു. തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാണ്. മതില്‍ ഇടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഡികെ ശിവകുമാറിന്റെ പ്രതികരണം
മഴക്കെടുതിയില്‍ സർക്കാറിനെ വിമർശിക്കുന്നതിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്ത് വന്നു. "പ്രകൃതിയെ നിയന്ത്രിക്കുക സാധ്യമല്ല. മഴക്കെടുതി നേരിടാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ബംഗളൂരുവിൻ്റെ പ്രതിച്ഛായ തകർക്കുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണം," എന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
മുൻകരുതൽ നടപടിയായി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. പൊതുജനങ്ങൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. മഴ നിർത്താൻ നമുക്ക് പ്രകൃതിയോട് പറയാന്‍ സാധിക്കുമോ? ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപ്രതീക്ഷിത മഴയാണിത്. ബംഗളൂരുവിലെ സർക്കാരും ജനങ്ങളും അതിനെ നേരിടാന്‍ തയ്യാറാണ്.
സ്കൂള്‍ അവധി
അടുത്ത ഏതാനും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ സ്‌കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 16 ന് അവധി പ്രഖ്യാപിച്ച് ബെംഗളൂരു അർബൻ ജില്ലാ കളക്ടർ ജഗദീശ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നാളെ ഔദ്യോഗികമായി ഇതുവരെ അവധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പല സ്വകാര്യ സ്കൂളുകളും തങ്ങളുടേതായ അവധിയില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പല കമ്പനികളും നാളെയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോ അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications