സ്കൂളുകൾക്ക് അവധി, ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി; 'മോൻത'യെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ആന്ധ്ര
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മോൻത' ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകീട്ടോടെ ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കാക്കിനാടയ്ക്കും ഇടയിൽ കരതൊടും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലും തെക്കൻ ഒഡീഷയിലും കനത്ത മഴയ്ക്കും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങളൊക്കെ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും (NDRF) അതീവ ജാഗ്രതയിലാണ്. കാക്കിനാടയിൽ നിന്ന് ഏകദേശം 680 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായും ഒഡീഷയിലെ ഗോപാൽപൂരിൽ നിന്ന് 850 കിലോമീറ്റർ തെക്കുമാറിയാണ് നിലവിൽ 'മോൻത' സ്ഥിതിചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ആന്ധ്രാ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ കടൽക്ഷോഭവും ഉണ്ടായേക്കും.

' ചുഴലിക്കാറ്റ് കരയോടടുക്കുമ്പോൾ തീരദേശ ആന്ധ്രയിലെയും തെക്കൻ ഒഡീഷയിലെയും ആളുകൾ വീടിനുള്ളിൽത്തന്നെ കഴിയണം. ഒ 28, 29 തീയതികളിൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്',അമരാവതിയിലെ ഐഎംഡി ശാസ്ത്രജ്ഞൻ എസ്. ജഗന്നാഥ് കുമാർ പറഞ്ഞു ആളപായം പൂർണ്ണമായും ഒഴിവാക്കാൻ ജില്ലാ കളക്ടർമാർക്കും എസ്പിമാർക്കും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അതീവ ജാഗ്രതാ നിർദേശം നൽകി. ഒഴിപ്പിക്കൽ, ദുരിതാശ്വാസം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കാൻ വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കാക്കിനാട, കിഴക്കൻ ഗോദാവരി, കോനസീമ, ഏലൂരു, പടിഞ്ഞാറൻ ഗോദാവരി എന്നീ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും ദുരിതാശ്വാസ സാമഗ്രികൾ ഒരുക്കുകയും ചെയ്തു..
കാക്കിനാടയിൽ, ഹോപ്പ് ഐലൻഡിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് 31 വരെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. പടിഞ്ഞാറൻ ഗോദാവരിയിൽ ർ 27, 28 തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ബീച്ച്, റിസോർട്ട് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. പഴകിയ കെട്ടിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ആളുകളെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ചുഴലിക്കാറ്റിൻ്റെ നേരിട്ടുള്ള പാതയിലല്ലെങ്കിലും, അയൽ സംസ്ഥാനമായ ഒഡീഷയിൽ മോന്ത ചുഴലിക്കാറ്റിൻ്റെ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ ഒഡീഷയിലെ എട്ട് ജില്ലകളായ മൽക്കൻഗിരി, കൊറാപുട്ട്, നബരംഗ്പൂർ, രായഗഡ, ഗജപതി, ഗഞ്ചം, കന്ധമാൽ, കലാഹണ്ടി എന്നിവയെ അതിതീവ്ര മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന റെഡ് സോണുകളായി സർക്കാർ പ്രഖ്യാപിച്ചു. ഒഡീഷയിലെ എല്ലാ സർക്കാർ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജീവമാക്കുകയും ആശുപത്രികളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു.
അതേസമയം തമിഴ്നാട്ടിലും പുതിച്ചേരിയിലും ഇന്നും നാളേയും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.. കേരള തീരത്ത് മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications