സ്‌കൂള്‍ അവധി; 10 ദിവസം അടച്ചിടാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബാധകമല്ല
ബെംഗളൂരു: 10 ദിവസം സ്‌കൂള്‍ അവധി പ്രഖ്യാപിച്ച് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് നടന്നുവരുന്ന ജാതി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത്. അധ്യാപകരെല്ലാം സര്‍വ്വെയുടെ ഭാഗമായി ഫീല്‍ഡിലാണ്.
ഒക്ടോബര്‍ എട്ട് മുതല്‍ 18 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. നേരത്തെ ഒക്ടോബര്‍ ഏഴിന് സര്‍വെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പല ജില്ലകളിലും പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് അവധി നല്‍കി സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ തീുരമാനിച്ചത്.

വരുന്ന പത്ത് ദിവസത്തിനകം സര്‍വെ പൂര്‍ണമായും അവസാനിപ്പിക്കാനാണ് തീരുമാനം. കൊപ്പാല്‍ ജില്ലയില്‍ സര്‍വ്വെ 97 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഉഡുപ്പിയില്‍ 63 ശതമാനവും ദക്ഷിണ കന്നഡയില്‍ 60 ശതനമാനവും മാത്രമേ പൂര്‍ത്തിയായുള്ളൂ. പല ജില്ലകകളിലും പകുതിയോളം ബാക്കിയാണ്. അതേസമയം, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ സര്‍വ്വെയുടെ ഭാഗമല്ല.
20 ലക്ഷം നഷ്ടപരിഹാരം
അടുത്ത പത്ത് ദിവസത്തിനകം സംസ്ഥാനത്ത് ഉടനീളം സര്‍വെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ജാതി സെന്‍സസ് നടത്തുന്നതിനിടെ മൂന്ന് അധ്യാപകര്‍ മരിച്ചിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരീക്ഷാ ഒരുക്കങ്ങള്‍ നടത്തുന്ന അധ്യാപകര്‍ സര്‍വ്വെയുടെ ഭാഗമാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡ്
ഇലക്ട്രിസിറ്റി മീറ്റര്‍, യുണിക് ഹൗസ് ഹോള്‍ഡ് ഐഡി (യുഎച്ച്‌ഐഡി) എന്നിവ ഉള്‍പ്പെടുന്ന ടാഗ് കര്‍ണാടകയിലെ എല്ലാ വീട്ടുകാര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വീട്ടുകാരെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാകും ഈ ഐഡി. ജാതി സെന്‍സസ് വേളയില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കും.
ഉദ്യോഗസ്ഥര്‍ എത്തുന്ന വേളയില്‍ എല്ലാ വീടുകളിലും ആളുകള്‍ ഉണ്ടാകണം എന്നില്ല. പ്രവാസികളായ വീട്ടുകാരുമുണ്ട്. ജോലി ആവശ്യാര്‍ഥം പുറത്തുപോയവരുമുണ്ടാകാം. വീട്ടില്‍ ഇല്ലാത്തവര്‍ക്ക് 8050770004 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി അറിയിക്കുകയും ചെയ്യാം.
ഒക്ടോബര്‍ 19ന് തുറക്കും
അവധി പ്രഖ്യാപിച്ചതിനാല്‍ പല വീട്ടുകാരും കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വിവരങ്ങളും സര്‍വെയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. കുടുംബങ്ങളുടെ സാമൂഹിക നിലവാരവും വിദ്യാഭ്യാസ ആവശ്യങ്ങളും സൗകര്യങ്ങളും രേഖപ്പെടുത്തും. ഒക്ടോബര്‍ 19നാണ് ഇനി സ്‌കൂള്‍ തുറക്കുക.












Click it and Unblock the Notifications