ഗര്‍ഭഛിദ്രത്തിനിടെ വിദ്യാര്‍ത്ഥിനിയുടെ മരണം; അദ്ധ്യാപകര്‍ അറസ്റ്റില്‍
വിജയവാഡ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രത്തിനിടെ മരിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അദ്ധ്യാപകരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലെ ചല്ലപള്ളി ഗ്രാമത്തിലെ അദ്ധ്യാപകരാണ് അറസ്റ്റിലായത്. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായ ശിവരാമ പ്രസാദ്, ഇംഗ്ലീഷ് അദ്ധ്യാപകനായ ജനാര്‍ദ പ്രസാദ് എന്നിവരാണ് അറസ്റ്റിലായ അദ്ധ്യാപകര്‍.
നിര്‍ദ്ധനയായ പെണ്‍കുട്ടിയെ സാമ്പത്തിക വാഗ്ദാനം നല്‍കിയാണ് ശിവരാമ പ്രസാദ് ഹെഡ്മാസ്റ്റര്‍ ആയിരിക്കുമ്പോള്‍ പീഡിപ്പിച്ചിരുന്നത്. ഇവരുടെ ബന്ധം മനസിലാക്കിയ ജനാര്‍ദ പ്രസാദ് സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സ്‌പെഷല്‍ ക്ലാസ് എന്ന രീതിയില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.

ഇതേ തുടര്‍ന്ന് 16 വയസിനിടെ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായി. മൂന്നാം തവണ ഗര്‍ഭഛിദ്രം ചെയ്തതോടെ അവശയായ പെണ്‍കുട്ടി വിജയവാഡയിലെ ഒരു ആശുപത്രിയില്‍വെച്ച് രണ്ടുമാസം മുന്‍പാണ് മരണമടഞ്ഞത്. സാമ്പത്തിക സഹായം ലഭിച്ചതിനെ തുടര്‍ന്ന് ദരിദ്രരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയുമില്ല.
ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സംഭവം അന്വേഷിച്ചു വരികയാണെന്നും കൂടുതല്‍ അദ്ധ്യാപകര്‍ക്ക് പീഡനത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications