റമദാനില്‍ സ്‌കൂള്‍ സമയം മാറ്റി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂര്‍ കുറച്ചു, രണ്ട് സംസ്ഥാനങ്ങളില്‍
റമദാന്‍ മാസം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവുമായി രണ്ട് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, തെലങ്കാന സര്‍ക്കാരുകളാണ് മുസ്ലിം ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ സമയത്തിലും ക്രമീകരണള്‍ വരുത്തി. ഉച്ചയ്ക്ക് 1.30 വരെ മാത്രമാക്കി സ്‌കൂള്‍ സമയം മാറ്റി. നഷ്ടമാകുന്ന മണിക്കൂറുകള്‍ക്ക് പകരം കൂടുതല്‍ ദിവസം പ്രവൃത്തി ദിനമാക്കും.
എല്ലാ മുസ്ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വൈകീട്ട് ഒരു മണിക്കൂര്‍ നേരത്തെ പോകാമെന്നാണ് തെലങ്കാന സര്‍ക്കാര്‍ ഉത്തരവ്. രാവിലെ മുതല്‍ സന്ധ്യാ സമയം വരെ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതാണ് മുസ്ലിങ്ങളുടെ നോമ്പ്. അതുകൊണ്ടുതന്നെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് നോമ്പുതുറ പ്രയാസമാകും. ഇക്കാര്യം പരിഗണിച്ചാണ് ഒരു മണിക്കൂര്‍ നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

തെലങ്കാന ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു ഇക്കാര്യം വിശദീകരിച്ച് മെമോ പുറത്തിറക്കി. മുസ്ലിങ്ങളായ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഇളവുണ്ട്. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇളവ്. വൈകീട്ട് നാല് മണിക്ക് ഇവര്‍ക്ക് ഓഫീസില്‍ നിന്ന് ഇറങ്ങാവുന്നതാണ് എന്ന് ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ ഈ ഇളവ് ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉര്‍ദു മീഡിയം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് സമയത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് സമയം. നഷ്ടമാകുന്ന മണിക്കൂറുകള്‍ക്ക് പകരമായി ആഴ്ചയില്‍ ഒരു ദിവസം കൂടുതല്‍ പ്രവൃത്തി ദിനമാക്കും.
പ്രതിഷേധവുമായി ബിജെപി
ആന്ധ്ര പ്രദേശില്‍ സമാനമായ ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. മാര്‍ച്ച് 19 വരെ ഒരു മണിക്കൂര്‍ നേരത്തെ പോകാമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ ഇളവ്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇളവ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യത്തില്‍ അനുമതി നല്‍കിയതില്‍ ന്യൂനപക്ഷ കാര്യ മന്ത്രി എന്‍എംഡി ഫാറൂഖ് നന്ദി പറഞ്ഞു.
അതേസമയം, തെലങ്കാനയില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ബിജെപി രംഗത്തുവന്നു. മുസ്ലിം പ്രീണനമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഹിന്ദു ജീവനക്കാര്‍ക്കും ഇളവ് അനുവദിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications