വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാകിസ്ഥാനിലേക്ക്; ഒമ്പത് വര്‍ഷത്തിനിടെ ആദ്യം
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഈ മാസം പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) 'ഹെഡ്സ് ഓഫ് ഗവണ്‍മെന്റ്' ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജയ്ശങ്കര്‍ പാകിസ്ഥാനിലെത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളില്‍ ആണ് ഉച്ചകോടി നടക്കുന്നത്. നേരത്തെ എസ്സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
എസ്സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റിന്റെ (സിഎച്ച്ജി) റൊട്ടേറ്റിംഗ് ചെയര്‍മാന്‍ സ്ഥാനം പാകിസ്ഥാനാണ് വഹിക്കുന്നത്. ഇസ്ലാമാബാദ് ഉച്ചകോടി യോഗത്തിന് മുന്നോടിയായി മന്ത്രിതല യോഗവും എസ്സിഒ അംഗരാജ്യങ്ങളുടെ സാമ്പത്തിക, സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക, മാനുഷിക സഹകരണം എന്നിവയില്‍ ഊന്നിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഇന്ത്യ ആതിഥേയത്വം വഹിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇറാന്‍ എസ്സിഒയില്‍ സ്ഥിരാംഗമായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത്.
2017 ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമായിരിക്കും ഇത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനിലെത്തുന്നു എന്ന സവിശേഷത കൂടിയുണ്ട്. ഇതിന് മുമ്പ് ഇന്ത്യ വിദേശകാര്യ മന്ത്രിയെ പാകിസ്ഥാനിലേക്ക് അയച്ചത് 2015 ല്‍ ആയിരുന്നു. അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 2015 ല്‍ ഇസ്ലാമാബാദില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്താംബുള്‍ പ്രോസസിന്റെ അഞ്ചാമത് മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ 2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. പിന്നാലെ ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ഒരു ബന്ധവുമുണ്ടാകില്ല എന്ന് ഇന്ത്യ നിലപാടെടുത്തു.
2016 ഓഗസ്റ്റില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗ് സാര്‍ക്ക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിനായി ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു. 2018ല്‍ അന്നത്തെ കേന്ദ്രമന്ത്രിമാരായ ഹര്‍പ്രീത് കൗര്‍ ബാദലും ഹര്‍ദീപ് സിങ് പുരിയും കര്‍താര്‍പൂര്‍ ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനായി അതിര്‍ത്തി കടന്നിരുന്നു.












Click it and Unblock the Notifications