പ്രതിഷേധം ഫലം കണ്ടു; ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് ജെയ്റ്റ്‌ലി
ദില്ലി: മുന്നണിയില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച് സൂചന നല്‍കി. ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നു ചില പ്രമുഖ നേതാക്കള്‍ ജിഎസ്ടിക്കെതിരേ രംഗത്തുവന്നിരുന്നു. മാത്രമല്ല, സാമ്പത്തിക രംഗം തളര്‍ന്നുവെന്ന് പരോക്ഷമായി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്താമാക്കിയത്.

നികുതി ഭാരം കുറഞ്ഞാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മുന്നേറാന്‍ സാധിക്കൂവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വരുമാന നഷ്ടം നികത്തിയാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാധ്യമാകും. ഈ സമയം നികുതി നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂജ്യം മുതല്‍ 28 ശതമാനം വരെ നാല് സ്ലാബുകളായാണ് നിലവിലെ ജിഎസ്ടി നിരക്ക്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്തിന് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
ഇപ്പോള്‍ പ്രതീക്ഷിച്ച നികുതി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ വരുമാനം കുതിച്ചുകയറുമെന്നാണ് പ്രതീക്ഷ. ഈ വേളയില്‍ നികുതി നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.












Click it and Unblock the Notifications