എസ്ഡിപിഐ ഡിഎംകെ സഖ്യത്തിലേക്ക്; സിപിഎമ്മിനും മുസ്ലിം ലീഗിനും പാരയാകുമോ?
ചെന്നൈ: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി പരസ്യമായ ബന്ധമില്ലാതിരിക്കെ, തമിഴ്‌നാട്ടില്‍ നിന്ന് വേറിട്ട വിവരം. ഈ പാര്‍ട്ടികളെല്ലാം ചേരുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് എസ്ഡിപിഐയെ കൂടി ചേര്‍ക്കുന്ന കാര്യം ചര്‍ച്ചയില്‍. ഡിഎംകെ നേതാവ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.
എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ എസ്ഡിപിഐയുമായി രഹസ്യ ധാരണയുണ്ടെന്ന് പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരു മുന്നണികളും ഇത് തള്ളുകയാണ് ചെയ്യാറ്. ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലുമെല്ലാം രഹസ്യബന്ധമുണ്ടെന്ന് എതിര്‍ ചേരികള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

ഡിഎംകെയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍സിപ്പല്‍ ഭരണകാര്യ മന്ത്രിയുമാണ് കെഎന്‍ നെഹ്രു. ഇദ്ദേഹമാണ് എസ്ഡിപിഐയുമായി ചര്‍ച്ച നടക്കുന്ന കാര്യം പരസ്യമാക്കിയത്. തമിഴ്‌നാട്ടില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എസ്ഡിപിഐ വലിയ സ്വാധീനമുണ്ടാക്കുന്നു എന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ഇതുകൊണ്ടാണ് ഇവരെ കൂടി സഖ്യത്തിലെടുക്കാന്‍ ആലോചിക്കുന്നത്.
ഡിഎംകെയുടെ തൃച്ചി സൗത്ത് ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെഎന്‍ നെഹ്രു. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലെ എല്ലാ കക്ഷികളുമായും പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ, എംഎംകെ എന്നീ കക്ഷികളാണ് നിലവില്‍ സഖ്യത്തിലുള്ളത്...
ഈ സഖ്യത്തിലേക്ക് എസ്ഡിപിഐയെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചയിലാണ് എന്ന് മന്ത്രി കെഎന്‍ നെഹ്രു പറഞ്ഞു. എസ്ഡിപിഐ സഖ്യത്തില്‍ ചേര്‍ന്നേക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാകും ഇത് സംബന്ധിച്ച് വ്യക്തമാകുകയെന്നും നെഹ്രു പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കഠിനാധ്വാനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്‍ പാരിതോഷികം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നെഹ്രുവിന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എസ്ഡിപിഐ കൂടി സഖ്യത്തിലെത്തിയാല്‍ മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും സഖ്യത്തിന് ലഭിക്കുന്ന അവസ്ഥ വരും. ഇതോടെ എഐഎഡിഎംകെ ഉയര്‍ത്തുന്ന വെല്ലുവിളി ഇല്ലാതാക്കാമെന്നാണ് ഡിഎംകെ കരുതുന്നതത്രെ. എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ് എന്ന് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.
എസ്ഡിപിഐ നേതൃത്വം നെഹ്രുവിന്റെ വാക്കുകള്‍ സ്വാഗതം ചെയ്തു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്താണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും എസ്ഡിപിഐ തമിഴ്‌നാട് പ്രസിഡന്റ് നെല്ലായി മുബാറക് പറഞ്ഞു. എസ്ഡിപിഐ സഖ്യത്തില്‍ ചേര്‍ന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മുസ്ലിം ലീഗും കേരളത്തില്‍ പ്രതിരോധത്തിലാകും.
എസ്ഡിപിഐയെ അകറ്റി നിര്‍ത്തണമെന്ന് പ്രചാരണം നടത്തുന്നവരാണ് കേരളത്തിലെ ഇരുമുന്നണികളും. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ തമിഴ്‌നാട്ടില്‍ ഒരു സഖ്യത്തിലാണ് എന്നത് വേറെ കാര്യം. ഈ സഖ്യത്തില്‍ എസ്ഡിപിഐയെ ചേര്‍ക്കുന്ന കാര്യം നേരത്തെയും ചര്‍ച്ച ചെയ്തിരുന്നുവത്രെ. എന്നാല്‍ മുസ്ലിം ലീഗ്, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ എതിര്‍പ്പാണ് ചര്‍ച്ചകള്‍ നിലയ്ക്കാന്‍ കാരണം.












Click it and Unblock the Notifications