പാർലമെന്റിലെ സുരക്ഷാ വീഴ്ച; 4 പേർ കസ്റ്റഡിയിൽ, ഒരാൾക്ക് പാസ് ലഭിച്ചത് ബിജെപി എംപിയുടെ പേരിൽ
ദില്ലി: പാർലമെന്റിന് അകത്തേക്ക് കളർ സ്പ്രേയുമായി ചാടിയവരിൽ ഒരാൾ ബി ജെ പി എംപിയുടെ പാസ് ഉപയോഗിച്ചാണ് പാർലമെന്റിലെത്തിയതെന്ന് റിപ്പോർട്ട്. മൈസൂർ എംപിയായ പ്രതാപ് സിൻഹയുടെ പേരിലുള്ള പാസാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശൂന്യവേള പുരോഗമിക്കുന്നതിനിടെ പാർലമെന്റ് നടപടികൾ കാണാൻ വന്ന ഗാലറിയിലിരുന്ന രണ്ട് പേർ എംപിമാരുടെ ചേംബറിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവെച്ച കളർ സ്പ്രേ എടുത്ത് അടിച്ചു. മഞ്ഞനിറത്തിലുള്ള കളർസ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം.

ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഭയ് ഭീം, ഭാരത് മാതാ കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കിയിരുന്നു. അതേലമയം അപ്രതീക്ഷിത സംഭവത്തിൽ എംപിമാർ ആദ്യം ഞെട്ടിയെങ്കിലും വളരെ പെട്ടെന്ന് തന്നെ രണ്ട് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. ചിലർ ഭയന്നോടുകയും ചെയ്തു. നിലവിൽ എംപിമാരെല്ലാം സുരക്ഷിതരാണ്.
അതേസമയം പ്രതിഷേധിച്ചവർ വിദ്യാർത്ഥികളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇവർ മൈസൂർ സ്വദേശികളായ എഞ്ചിനിയറിംഗ് ബിരുദദാരികളാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പാർലമെന്റിന് പുറത്ത് പ്രതിഷേധം തീർത്ത രണ്ട് പേരേയും പോലീസ് കസ്റ്റഡയിൽ എടുത്തു. നീലം (42), അമോൽ ഷിൻഡെ (25) എന്നിവരെയാണ് പോലീസ് കസ്റ്റഡയിൽ എടുത്തത്. ഇവരും കളർ സ്പ്രേ ഉപയോഗിച്ച് കൊണ്ടായിരുന്നു പ്രതിഷേധിച്ചത്. ഇവരും പാർലമെന്റിന് അകത്തേക്ക് അതിക്രമിച്ച് കയറിയവരും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൂടാതെ സി ആർ പി എഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications