ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷ സേന; ഏറ്റുമുട്ടൽ തുടരുന്നു
ഛത്തീസ്ഗഡ് നാരായൺപൂർ ജില്ലയിൽ 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷ സേന. ഏകദേശം 50 മണിക്കൂറായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മുതിർന്ന നേതാവിനെ അടക്കം കൊലപ്പെടുത്തിയെന്നും കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു.
മാഡ് ഡിവിഷനിൽ നിന്നുള്ള മാവോയിസ്റ്റുകളുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്ന ഇന്റലിജന്റ്സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസംഘം ഇവിടെ എത്തിയത്. തുടർന്ന് നടന്ന പരിശോധനയ്ക്ക് ഇടയിലാണ് ഏറ്റുമുട്ടൽ നടന്നത്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് ജവാൻമാരാണ് പരിശോധന നടത്തിയത്. ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ടാലു മേഖലയിലുള്ള മാവോയിസ്റ്റുകളെ നേരിടാൻ സുരക്ഷാ സേന 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' നടത്തി ഒരു മാസം പിന്നിടുമ്പോഴാണ് മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നത്.

21 ദിവസം നീണ്ടുനിന്ന അന്നത്തെ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. ഇവരെ കുറിച്ച് വിവരം നൽകുന്നതിന് സർക്കാർ നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 1.72 കോടി രൂപയായിരുന്നു പാരതോഷികം പ്രഖ്യാപിച്ചത്. ഓപ്പറേഷനിൽ 214 മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളും ബങ്കറുകളും സേന തകർത്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ, ബിജിഎൽ ഷെല്ലുകൾ, ഡിറ്റണേറ്ററുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. മാത്രമല്ല ഏകദേശം 12,000 കിലോയോളം വരുന്ന ഭക്ഷ്യ വസ്തുക്കളും ഈ കേന്ദ്രങ്ങളിൽ നിന്നും സംഘം കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications