ഛത്തീസ്ഗഢില്‍ വന്‍ മാവോയിസ്റ്റ് വേട്ട; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് സുരക്ഷാസേന
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ 30 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ഇന്നലെയാണ് സംംയുക്തമായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനമേഖലയില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. നെന്തൂര്‍-തുള്‍ത്തുളിക്ക് സമീപമുള്ള വനമേഖലയില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുള്‍ത്തുളി എന്നിവിടങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു.

''ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍ രാത്രിയില്‍ ഈ കണക്കുകള്‍ വര്‍ധിക്കും,'' ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. വനത്തില്‍ നിന്ന് ലഭിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച മാവോയിസ്റ്റുകളുടെ തിരിച്ചറിയല്‍ നടപടികള്‍ ശനിയാഴ്ച നടത്തുമെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയ്ക്കും ഛത്തീസ്ഗഢിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന 6,000 ചതുരശ്ര കിലോമീറ്റര്‍ സര്‍വേ ചെയ്യപ്പെടാത്ത വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 'അജ്ഞാത കുന്ന്' എന്ന് വിളിക്കുന്ന ഇവിടം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമാണ്. സി പ ിഐയുടെ (മാവോയിസ്റ്റ്) ഒരു ഡസനോളം മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇപ്പോഴും അവിടെ ക്യാമ്പ് ചെയ്യുന്നതായി പറയപ്പെടുന്നു.
സി പി ഐ മാവോയിസ്റ്റിന്റെ ഈസ്റ്റ് ബസ്തര്‍ ഡിവിഷനിലെ മുതിര്‍ന്ന കേഡര്‍മാര്‍ ഈ ആഴ്ച തുല്‍ത്തുലി ഗ്രാമത്തിലെ കാടുകളില്‍ ഒരു യോഗം വിളിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും കാട്ടില്‍ ഒരു വലിയ സമ്മേളനമാണ് നടക്കുന്നതെന്നും റായ് പറഞ്ഞു. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിന്റെ ഭാഗമായി വനത്തിലേക്ക് അയച്ചിരിക്കുന്നത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഈ ഏറ്റുമുട്ടല്‍ എന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ 16 ന് കാങ്കര്‍ ജില്ലയില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണിത്. ഈ ഏറ്റുമുട്ടലോടെ, 2024-ല്‍ ബസ്തര്‍ മേഖലയില്‍ 187 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ വധിച്ചത്.












Click it and Unblock the Notifications