സമൂഹനന്മയ്‌ക്കൊരു സെല്‍ഫിയെടുക്കാം
ന്യൂഡല്‍ഹി : സ്വന്തം പടമെടുത്ത് സോഷ്യല്‍മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ചിലര്‍ സെല്‍ഫിയെ നമുക്ക് പരിചയപ്പെടുത്തി. സെല്‍ഫി ഭ്രമം അതിരുവിട്ടതിനെത്തുടര്‍ന്ന് ദുരന്തം ക്ഷണിച്ചുവരുത്തിയവരെക്കുറിച്ചുളള വാര്‍ത്തകളും പിന്നീട് കേട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സെല്‍ഫി നമുക്കിടയില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ സെല്‍ഫിയിലൂടെ സമൂഹനന്മയെന്ന വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രേക്ക്ത്രൂ എന്ന പേരിലുളള മനുഷ്യാവകാശ സംഘടന.
നിങ്ങളുടെ ഒരു സെല്‍ഫി കൊണ്ട് പത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായാല്‍ എങ്ങനെയിരിക്കും? അതെ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ' സെല്‍ഫീസ് ഫോര്‍ സ്‌കൂള്‍' എന്ന പേരിലാണ് ക്യാമ്പയിന്‍ ഒരുക്കുന്നത്. ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ പ്രത്യേക നിബന്ധനകളൊന്നും ഇല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിങ്ങളുടെ സെല്‍ഫികള്‍ പോസ്റ്റ് ചെയ്ത് സെല്‍ഫീസ് # സെല്‍ഫി ഫോര്‍ സ്‌കൂള്‍ എന്ന പേരില്‍ ടാഗ് ചെയ്യാവുന്നതാണ്. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഓരോ സെല്‍ഫിയിലൂടെയും പത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നാണ് ക്യാമ്പയിന്‍ നല്‍കുന്ന വാഗ്ദാനം.

സെപ്തംബര്‍ അഞ്ചിനാണ് ക്യാമ്പയിന് തുടക്കമായത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സെല്‍ഫി പ്രേമികളായ യുവാക്കളെ കൂടുതലായും ഇതിലേക്ക് ആകര്‍ഷിക്കാനാണ് സംഘടനയുടെ തീരുമാനം.'' സെല്‍ഫിയിലൂടെ സമൂഹനന്മയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളെ വളരെ നേരത്തെ കല്യാണം കഴിച്ചുവിടുന്നത് തടയാനും അവര്‍ക്ക് ആവശ്യത്തിന് വിദ്യാഭ്യാസം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ'' . - ബ്രേക്ക്ത്രൂ വൈസ് പ്രസിഡന്റ് സോനാലി ഖാന്‍ പറയുന്നു.
പത്ത് ദിവസത്തിനുളളില്‍ 2500 പേര്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകഴിഞ്ഞു. 25,000 ത്തോളം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പായിക്കഴിഞ്ഞെന്നു ചുരുക്കം. ഇന്റര്‍നാഷനല്‍ ഗേള്‍ ചൈല്‍ഡ് ഡേ ആയ ഒക്ടോബര്‍ ഒമ്പതിന് ക്യാമ്പയിന് സമാപനം കുറിക്കാനാണ് സംഘടനയുടെ ഇപ്പോഴത്തെ തീരുമാനം.












Click it and Unblock the Notifications