പെണ്‍കുട്ടിയുടെ ഫേസ്ബുക്കില്‍ അശ്ലീല ചിത്രമയച്ച യുവാക്കള്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ രണ്ടു യുവാക്കള്‍ പിടിയിലായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശികളായ അങ്കിത് ഛേത്രി, രാമന്‍ രവത് എന്നിവരാണ് അറസ്റ്റിലായതെന്ന് സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ സദാനന്ദ് ദത്തേ പറഞ്ഞു.
പട്ടേല്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തന്റെ മകള്‍ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അജ്ഞാതരായ ചിലര്‍ അയച്ചെന്നും കാട്ടിയായിരുന്നു പരാതി. പരാതി ഉടന്‍ സൈബര്‍ പോലീസിന് കൈമാറി. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

ഇരുവരും കുറ്റം സമ്മതിച്ചതായി ദത്തേ പറഞ്ഞു. തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്നും സംഭവം ഇത്രയും ഗുരുതരമായ അവസ്ഥയില്‍ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും പ്രതികള്‍ മൊഴിനല്‍കി. പെണ്‍കുട്ടിയുമായി അടുത്ത സൗഹൃദമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍, അജ്ഞാതരായവരോട് സൗഹൃദത്തിന് പെണ്‍കുട്ടി അകല്‍ച്ച കാട്ടിയതോടെ മോശം ചിത്രങ്ങള്‍ അയച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുമെന്ന് യുവാക്കള്‍ ഒരിക്കലും കരുതിയിരുന്നില്ല. സോഷ്യല്‍ സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അടുത്തിടെ ഇത്തരം പരാതികള്‍ ധാരാളമായി ലഭിക്കുന്നുണ്ടന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications