ഡികെ ശിവകുമാറോ? സിദ്ധരാമയ്യയോ? തർക്കത്തിനിടെ ദില്ലിക്ക് പറന്ന് സിദ്ധരാമയ്യ..സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച
ബെംഗളൂരു; 2023 ലാണ് കർണാടകത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഏത് വിധേനയും ബിജെപിയെ വീഴ്ത്തി അധികാരം പിടിക്കാനാണ് കോൺഗ്രസ് പദ്ധതികൾ. ഡികെ ശിവകുമാർ അധ്യക്ഷനായി എത്തിയതോടെ കോൺഗ്രസ് തിരിച്ചുവരവിന്റെ സൂചനകൾ സംസ്ഥാനത്ത് നൽകി തുടങ്ങിയിട്ടുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്നു. മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൾ എത്തുന്നത് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ അവകാശവാദം.
എന്നാൽ ഇതിനിടയിൽ കോൺഗ്രസിന് തലവേദന തീർക്കുകയാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും തമ്മിലുള്ള തർക്കം.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നത് സംബന്ധിച്ചാണ് കോൺഗ്രസിൽ തർക്കം നിലനിൽക്കുന്നത്. പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാർ പാർട്ടിയെ നയിക്കട്ടെയെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് തന്നെയാണ് ഡികെയും കരുക്കൾ നീക്കുന്നത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഡികെ ശിവകുമാർ പാർട്ടിയുടെ തലപ്പത്ത് എത്തിയതോടെ കർണാടക കോൺഗ്രസിന്റെ തലവര തന്നെമാറിയെന്ന് ഡികെ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘടനയെ ശക്തിപ്പെടുത്തിയതോടൊപ്പം ബിജെപിക്കെതിരെ കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ പ്രതിഷേധം തീർക്കാൻ ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചുവെന്നാണ് ഇവർ പറയുന്നത്.

മാത്രമല്ല ഡികെയെ ഉയർത്തിക്കാട്ടിയാൽ സമുദായ സമവാക്യങ്ങളും കോണ‍്ഗ്രസിന് അനുകൂലമാകുമെന്ന് നേതാക്കളും പറയുന്നു. വൊക്കാലിഗ സമുദായത്തിലെ ശക്തനായ നേതാവാണ് ഡികെ ശിവകുമാർ. പഴയ മൈസൂർ മേഖലയിൽ ഉൾപ്പെടെ സ്വാധീനമുള്ള പ്രബല വിഭാഗമാണ് വൊക്കാലിഗ. ജെഡിഎസിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരുന്ന വൊക്കാലിഗ സഖ്യസർക്കാരിന്റെ പതനത്തോടെ രാഷ്ട്രീയമായി തിരിച്ചടി നേരിട്ട ജെഡിഎസുമായി അകന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മാത്രമല്ല ഡികെ കോൺഗ്രസ് അധ്യക്ഷനായി എത്തിയത് മുതൽ ഇവരുടെ ചായ്വ് കോൺഗ്രസിലേക്കാണെന്നും നേതാക്കൾ കരുതുന്നു.

ഡികെ എത്തിയാൽ വൊക്കാലിഗ വിഭാഗത്തിന്റെ പൂർണ പിന്തുണ അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ഡികെയെ പിന്തുണയ്ക്കുന്നവർ പറയുന്നു. അതേസമയം
മറുവശത്ത് സിദ്ധരാമയ്യയ്ക്ക് വേണ്ടി മറുവിഭാഗവും ശക്തമായ വാദം ഉയർത്തുന്നുണ്ട്. മുതിർന്ന നേതാവായ അദ്ദേഹത്തിന് ജനപിന്തുണ ഏറെയുണ്ടെന്ന് നേതാക്കൾ പറയുന്നു. നേരത്തേ 2013 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിദ്ധരാമയ്യയെ ആണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. എന്നാൽ സഖ്യസർക്കാർ രൂപീകരിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് വിട്ട് നൽകുകയായിരുന്നു.

അതേസമയം ഇരുവരും തമ്മിൽ ഇത് സംബന്ധിച്ച തർക്കം മുറുകെ ഡികെ ക്യാമ്പിനെ അസ്വസ്ഥമാക്കി ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനായാണ് സിദ്ധരാമയ്യയെ വിളിപ്പിച്ചതെന്നാണ് സിദ്ധരാമയ്യയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടത്തുന്നത് സംബന്ധിച്ചും സോണിയ സിദ്ധരാമയ്യയുമായി ചർച്ച നടത്തും.

അതേസമയം അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന് ഇതുവരേയും ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാകണമെന്നാണ് ഹൈക്കമാന്റ് നിലപാട്.എന്തായാലും കോൺഗ്രസിൽ സിദ്ധരാമയ്യ-ഡികെ തർക്കം മുറുകുമ്പോഴും ബിജെപിക്കെതിരെ പാർട്ടി വലിയ വെല്ലുവിളി തീർക്കുകയാണെന്ന് സമ്മതിക്കുകയാണ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പ. മോദി പ്രഭാവത്തിനെ മാത്രം ആശ്രയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന് ബി ജെ പി പ്രതീക്ഷിക്കേണ്ടെന്നും പ്രതിപക്ഷം കൂടുതൽ ശക്തരാണെന്നുമാണ് യെഡി പുതിയ ബിജെപി നേതൃത്വത്തിന് നൽകിയ മുന്നറിയിപ്പ്.












Click it and Unblock the Notifications