ഫോണ്‍ബില്‍ ഉയരും; കേന്ദ്ര ബജറ്റില്‍ സര്‍വീസ് ടാക്‌സ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സര്‍വീസ് ടാക്‌സ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 16 മുതല്‍ 18 ശതമാനം വരെയായി സര്‍വീസ് ടാക്‌സ് വര്‍ധിപ്പിക്കുമെന്നാണ് സൂചന. നിലവില്‍ 15 ശതമാനമാണ് സര്‍വീസ് ടാക്‌സ്. ഇതോടെ ഫോണ്‍ ബില്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് വിലകൂടിയേക്കും.
കഴിഞ്ഞ ബജറ്റില്‍ 0.5 ശതമാനം സര്‍വീസ് ടാക്‌സ് ഉയര്‍ത്തിയിരുന്നു. ഇത് ഏറ്റവും കുറഞ്ഞ് 16 ശതമാനത്തിലേക്കെത്തിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അതേസമയം രണ്ടു തരത്തിലുള്ള സര്‍വീസ് ടാക്‌സുകള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും ചിലര്‍ പറയുന്നു. കുറഞ്ഞത് 12 ശതമാനവും കൂടിയത് 18 ശതമാനവുമായി പുതിയ പരീക്ഷണത്തിന് ജയ്റ്റ്‌ലി മുതിര്‍ന്നേക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

കറന്‍സി നിരോധനത്തിനുശേഷമുണ്ടായ മാന്ദ്യമകറ്റാന്‍ സര്‍വീസ് ടാക്‌സിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ സാധിച്ചേക്കും. എന്നാല്‍, ഇതേക്കുറിച്ച് ജയ്റ്റ്‌ലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബജറ്റ് വിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതുകൊണ്ടുതന്നെ അവതരിപ്പിച്ചശേഷം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായുള്ള ജിഎസ്ടി ജൂലായ് ആദ്യത്തോടെ അവതരിക്കുന്നതോടെ ടാക്‌സ് സ്ലാബുകളില്‍ ഗണ്യമായ മാറ്റമുണ്ടായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications