മമത ബാനര്‍ജിക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേര് മരവിപ്പിച്ചു, ചിഹ്നത്തിനും കമ്മീഷന്റെ പൂട്ട്
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന അവരുടെ പാര്‍ട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. പൂവും പുല്ലും ഉള്‍പ്പെടുന്ന പാര്‍ട്ടി ചിഹ്നവും മരവിപ്പിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പുതിയ ചിഹ്നവും പേരും സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മമത ബാനര്‍ജിയും വിമതരും പാര്‍ട്ടിയിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 206ല്‍ നിന്ന് 80 സീറ്റിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വീണിരുന്നു. മമത ബാനര്‍ജി സ്വന്തം തട്ടകമായ ഭവാനിപൂരില്‍ തോല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് തൃണമൂലില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വിമതര്‍ സംഘടിച്ചതോടെ മമത ഒറ്റപ്പെട്ടു. 60 എംഎല്‍എമാര്‍ വിമത പക്ഷത്താണുള്ളത്. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ തൃണമൂല്‍ ആര് എന്ന ചോദ്യം ഉയര്‍ന്നത്.

ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചതോടെ കമ്മീഷന്‍ പേരും ചിഹ്നവും മരവിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെ ഇരുവിഭാഗത്തിനും ഔദ്യോഗിക പാര്‍ട്ടി പരിഗണന നല്‍കില്ല. അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു പേരിലും ചിഹ്നത്തിലും മല്‍സരിക്കാം. നാളെയാണ് ഉപതിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
പാര്‍ട്ടി സ്ഥാപകയാണ് മമത ബാനര്‍ജി. എന്നാല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളത് റിതബ്രത ബാനര്‍ജിക്കാണ്. നന്തിഗ്രാം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെ മമത മല്‍സരിച്ചാല്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും വിമതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമതര്‍ക്ക് മുഖം കൊടുക്കാത്ത മമത, മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടിയിലെ ഇരുവിഭാഗവും മല്‍സര രംഗത്തുണ്ട്.
വെള്ളിയാഴ്ച പകല്‍ 11 മണിക്ക് മുമ്പായി അനിയോജ്യമായ മൂന്ന് പേരും മൂന്ന് ചിഹ്നവും സമര്‍പ്പിക്കന്‍ ഇരുവിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതില്‍ നിന്ന് ഒരു പേരിനും ചിഹ്നത്തിനും കമ്മീഷന്‍ അനുമതി നല്‍കും. നിലവിലുള്ള പാര്‍ട്ടി പേരിന് സാമ്യമായ പേരുകള്‍ സ്വീകരിക്കുന്നതിന് തടസമില്ല. എന്തുപേരാണ് ഇരുകൂട്ടരും സ്വീകരിക്കുക എന്ന കൗതുകമാണ് ഇനി ബാക്കിയുള്ളത്.
മുര്‍ഷിദാബാദ് ജില്ലയിലെ രജിനര്‍ഗാര്‍, ഈസ്റ്റ് മിഡ്‌നാപൂരിലെ നന്തിഗ്രാം എന്നീ മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ ആറിനാണ് പോളിങ്. ഒമ്പതിന് വോട്ടെണ്ണും. ബിജെപിക്ക് ഇവിടെ തനിച്ച് മല്‍സരിക്കുന്നുണ്ട്. കോണ്‍്രസും ഇടതുപാര്‍ട്ടികളും മല്‍സര രംഗത്തുണ്ട്. അതിനിടെയാണ് തൃണമൂലിന്റെ രണ്ട് വിഭാഗങ്ങളും പോരടിക്കുന്നത്. മമതയ്ക്ക് ഒരേ സമയം, ബിജെപിയോടും വിമതരോടും ഏറ്റുമുട്ടേണ്ട അവസ്ഥയാണിപ്പോള്‍.


Click it and Unblock the Notifications
