വിജയ് സര്‍ക്കാരിന് തിരിച്ചടി; ഉദയനിധി ജയിലിലേക്ക് ഇല്ല, ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കില്ല. ഇന്നുതന്നെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. റിമാന്റ് ആവശ്യപ്പെടുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയെ അറിയിച്ചു. തഞ്ചാവൂരിലാണ് ഇപ്പോള്‍ ഉദയനിധിയുള്ളതെന്നും എജി വ്യക്തമാക്കി.
നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ഡിഎംകെ നേതാവ് ഉദയനിധിക്കെതിരെ ടിവികെ പോലീസില്‍ പരാതി നല്‍കിയത്. ഉടനെ ഉദയനിധി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഹര്‍ജി മദ്രാസ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇന്ന് രാവിലെ നീലാങ്കരയിലെ വീട്ടിലെത്തി ഉദയനിധിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ തഞ്ചാവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിജയ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഉദയനിധി സ്റ്റാലിന്‍ പ്രസംഗിച്ചത്. ഈ വേളയില്‍ നടത്തിയ ചില അശ്ലീല പരാമര്‍ശങ്ങള്‍ വിജയിയെയും നടി തൃഷയെയും ബന്ധിപ്പിച്ചാണ് എന്ന് ആക്ഷേപമുയര്‍ന്നു. തൊട്ടുപിന്നാലെയാണ് ടിവികെ പരാതി നല്‍കിയത്.
ഇന്ന് രാവിലെ തഞ്ചാവൂര്‍ പോലീസ് കേസെടുത്ത പിന്നാലെ ഉദയനിധി മുന്‍കൂര്‍ ജമ്യം തേടിയിരുന്നു. അതിനിടെയാണ് ഉദയനിധിയുടെ വീട്ടില്‍ പോലീസ് എത്തിയതും കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയതും. വീടിന് പുറത്ത് ഡിഎംകെ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധം നടന്നിരുന്നു. വളരെ കഷ്ടപ്പെട്ടാണ് പോലീസ് ഉദയനിധിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.
ഉദയനിധിയെ തഞ്ചാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തുവെന്നും തഞ്ചാവൂരില്‍ എത്തിച്ചുവെന്നും എജി ഹൈക്കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ റിമാന്റ് ആവശ്യപ്പെടാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ലെന്നും എജി വ്യക്തമാക്കി. ചോദ്യം ചെയ്തു വിട്ടയക്കുക മാത്രമാണ് ലക്ഷ്യമെന്നും എജി അറിയിച്ചു. ഇന്നുതന്നെ വിട്ടയക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.
അതേസമയം, ഉദയനിധിയുടെ അറസ്റ്റ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കാരണമായി. അറസ്റ്റിന് പിന്നാലെ ഡിഎംകെയുടെ സുപ്രധാന യോഗം എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. സമരം ശക്തമാക്കാനായിരുന്നു തീരുമാനം. എല്ലാ ജില്ലകളിലും പ്രതിഷേധം തുടരുകയാണ്. ചില ജില്ലകളില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും വന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ഡിഎംകെ പ്രവര്‍ത്തകര്‍ വീണ്ടും സജീവമാകാന്‍ ഉദയനിധിയുടെ അറസ്റ്റ് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. നിമയസഭയില്‍ വിജയ് സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് ഡിഎംകെയുടെ തീരുമാനം. തൃഷയുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അറസ്റ്റിന് ശേഷമുള്ള ഉദയനിധിയുടെ പ്രതികരണം. അറസ്റ്റ് കോമഡിയായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. അതിനിടെ ഉദയനിധിയുടെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് നടി ഖുഷ്ബുവും ഗായിക ചിന്മയി ശ്രീപാദയും രംഗത്തുവന്നു.





Click it and Unblock the Notifications