ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് വീണ് ഏഴ് സൈനികർ മരണപ്പെട്ടു
ശ്രീനഗർ; ലഡാക്കിലെ ഷിയോക് നദിയിൽ വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരണപ്പെട്ടു. 26 സൈനികരുടെ സംഘം പർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്ടർ ഹനീഫിലെ ഒരു ഫോർവേഡ് ലൊക്കേഷനിലേക്ക് നീങ്ങവേ ആണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെ തോയിസിൽ നിന്ന് 25 കിലോമീറ്റർ അകലെ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിൽ വീഴുകയായിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ ആണ് സൈനിക വൃത്തകളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്ത് വിട്ടത്.
ഏകദേശം 50-60 അടി താഴ്ചയിലേക്ക് ആണ് വാഹനം വീണത്. അപകടത്തിൽ 19 സൈനികർക്ക് പരിക്ക് പറ്റിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏഴ് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ എല്ലാവർക്കും മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചിലരുടെ പരിക്കുകൾ ഗുരുതരമാണ്. ഇവരെ മികച്ച ആശുപത്രിയിലേക്ക് മാറ്റാനായി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും സൈനികർ പറയുന്നു. നിലവിൽ പരിക്കേറ്റ എല്ലാവരും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ്. പർതാപൂറിലേക്ക് വിദഗ്‍ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി സൈന്യം അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

അതേ സമയം ഇന്ത്യ ചൈന അതിർത്തി തർക്കം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ലഡാക്ക്. അടുത്തിടെ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലവും നിർമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് ശരിവയ്ക്കുകയും ചെയ്തു. തടാകത്തിൽ ഈ വർഷം ആദ്യം നിർമിച്ച പാലത്തിന് അടുത്ത് തന്നെയാണ് ചൈന രണ്ടാമത്തെ പാലവും നിർമിച്ചിരിക്കുന്നത് എനന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
അനധീകൃതമായി ചൈന കൈവശം വച്ചിരിക്കുന്ന പ്രദേശത്താണ് പാലം നിർമിച്ചിരിക്കുന്നതെന്നും ഇത്തരം അധിനിവേശം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദ ബാഗ്ചി വ്യക്തമാക്കി. ഏപ്രിൽ മാസമായിരുന്നു ആദ്യത്തെ പാലത്തിന്റെ നിർമ്മാണം ചൈന പൂർത്തിയാക്കിയത്. തുടർന്ന് ഇന്ത്യയും പ്രദേശത്തോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തുടങ്ങി. 2020 ഏപ്രിൽ മുതൽ സ്ഥലത്തെ അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ട്.












Click it and Unblock the Notifications