പ്രളയദുരിതത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, 34 മരണം, കുടുങ്ങി 1200ലധികം വിനോദസഞ്ചാരികൾ
ഗുവാഹട്ടി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതത്തിലായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 34 പേര്‍ കൊല്ലപ്പെട്ടു. അസം, മണിപ്പൂര്‍, ത്രിപുര, സിക്കിം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് കനത്ത മഴ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമസേനയും അസം റൈഫിള്‍ഫും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
വടക്കന്‍ സിക്കിമില്‍ 1200ലധികം വിനോദസഞ്ചാരികള്‍ ആണ് കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച ഇവരെ രക്ഷപ്പെടുത്താന്‍ ആയിരുന്നു ശ്രമം. എന്നാല്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി. മെയ് 29ന് ടീസ്റ്റ നദിയില്‍ 8 വിനോദസഞ്ചാരികള്‍ കയറിയ വാഹനം ഒഴുകിപ്പോയിരുന്നു. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

മേഘാലയയില്‍ 10 ജില്ലകളിലാണ് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായിരിക്കുന്നത്. ത്രിപുരയില്‍ പതിനായിരങ്ങളാണ് പ്രളയദുരിതത്തിലായിരിക്കുന്നത്. അസമില്‍ 19 ജില്ലകളിലായി 764 ഗ്രാമങ്ങള്‍ പ്രളയത്തിലാണ്. 3.6 ലക്ഷത്തോളം വരും അസമിലെ ദുരിത ബാധിതര്‍. ഇന്നുണ്ടായ 2 മരണങ്ങള്‍ ഉള്‍പ്പെടെ അസമില്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പത്തായി.
ബ്രഹ്‌മപുത്ര അടക്കമുളള ആറ് നദികള്‍ അപകടരേഖയും കടന്നാണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പതിനായിരത്തിന് മുകളില്‍ ആളുകളെ ഇതിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ സാധ്യമായ എല്ലാ സഹായവും എത്തിച്ച് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കി. അസം, സിക്കിം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂര്‍ ഗവര്‍ണറുമായും അമിത് ഷാ ഫോണില്‍ സംസാരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അസം സര്‍ക്കാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications