ജനിക്കും മുന്‍പേ കുട്ടിയെ അറിയാം; രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍
ചണ്ഡിഗഡ്: ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ലിംഗത്വ നിര്‍ണയ ടെസ്റ്റ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ഡോക്ടര്‍മാര്‍ പിടിയിലായി. ഹരിയാനയിലെ മഹേന്ദര്‍ഗഡ് ജില്ലയിലും ഭിവാനി ജില്ലയിലും ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ട് ഡോക്ടര്‍മാരെ കൈയ്യോടെ പിടികൂടിയത്.
ഇവരുടെ അള്‍ട്രാ സൗണ്ട് മിഷീനുകളും കമ്പ്യൂട്ടറുകളും സീല്‍ ചെയ്‌തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലിംഗത്വ നിര്‍ണയ ടെസ്റ്റ് നടത്തിയ കുറ്റത്തിന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കനിനയിലെ അംബേദ്കര്‍ ചൗക്കിലെ സഞ്ജീവനി ആശുപത്രിയിലാണ് ആദ്യം റെയ്ഡു നടത്തിയത്. ടെസ്റ്റ് നടത്തിയതിന് ഇടപാടുകാരില്‍ നി്ന്നും പണം വാങ്ങവെ ഡോക്ടര്‍ കുടുങ്ങുകയായിരുന്നു.

റെയ്ഡിനു മുന്‍പു തന്നെ വ്യാജ രോഗികളെ ഡോക്ടര്‍മാരുടെ അടുത്തേക്കയച്ചായിരുന്നു അധികൃതരുടെ ഇടപെടല്‍. 7,000 രൂപയ്ക്ക് ടെസ്റ്റ് നടത്തിയ ഡോക്ടര്‍ യുവതിയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്നും അറിയിച്ചു. പ്രതിഫലമായി 7,000 രൂപ വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ മുറിക്കുള്ളില്‍ കടന്ന് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാര്‍ക്കി ദാദ്രിയിലെ ഗുഡി ക്ലിനിക്കില്‍ നിന്നാണ് രണ്ടാമത്തെ ഡോക്ടറെ പിടികൂടിയത്. ഇവിടെ നിന്നും മരുന്നുകളും, സ്‌കാനിംഗ് ഉപകരങ്ങളും, മുന്‍ റെക്കോര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. ലിംഗത്വ നിര്‍ണയ ടെസ്റ്റ് നടത്തിയശേഷം പെണ്‍കുട്ടിയാണെന്ന് അറിഞ്ഞാല്‍ അബോര്‍ഷന്‍ ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു അധികൃതര്‍ പരിശോധനയ്ക്കിറങ്ങിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications