ലൈംഗികാതിക്രമ പരാതി; പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും അറസ്റ്റില്‍
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും എംഎല്‍സിയുമായ സൂരജ് രേവണ്ണയും അറസ്റ്റില്‍. പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. സൂരജിന്റെ ഫാം ഹൗസില്‍ വെച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പ്രവര്‍ത്തകന്റെ പരാതി.
ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്ന്ത്. തുടര്‍ന്ന് പരസ്പരം നമ്പറുകള്‍ കൈമാറി. പിന്നീട് ഫാം ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം താന്‍ ഫാം ഹൗസിലേക്ക് പോയി. എന്നാല്‍ അവിടെ വെച്ച് സൂരജ് തന്നെ ബലമായി ചുംബിക്കുകയും ചുണ്ടുകളിലും കവിളുകളിലും കടിക്കുകയും ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ജീവിച്ചാല്‍ രാഷ്ട്രീയമായി വളരാന്‍ സഹായിക്കുമെന്ന് സൂരജ് വാഗ്ദാനം ചെയതു,സൂരജിന്റെ സഹായി ശിവകുമാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പണവും ജോലിയും വാഗ്ദാനം ചെയ്‌തെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.കര്‍ണാടക ഹാസനിലെ ഹോളനാരിസ്പുര റൂറല്‍ പോലീസ് ആണ് പരാതിയില്‍ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) സെക്ഷന്‍ 377 ( പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങള്‍), 506 (ക്രിമിനല്‍ ഭീഷണി), 342(അന്യായ തടങ്കല്‍), 34 എന്നിവയാണ് സൂരജിനുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അതേസമയം പരാതിക്കാരനെ ഇന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്ക് വിധേയമാകാന്‍ ആദ്യം പരാതിക്കാരന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇയാളെ ബെംഗളൂരില്‍ എത്തിച്ചതായും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് സൂരജ് രേവണ്ണയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരനും കുടുംബവും ചേര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സൂരജ് പരാതിയില്‍ പറയുന്നുണ്ട്.
തന്‍റെ സ്ഥാനമായ'സൂരജ് രേവണ്ണ ബ്രിഗേഡി'ലെ ജോലിക്കാരനാണ് പരാതിക്കാരൻ. ഇയാൾ ദിവസങ്ങൾക്കു മുൻപ് എന്നോട് 5 കോടി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രണ്ട് കോടിയെങ്കിലും നല്കണമെന്ന് പറഞ്ഞു. ഇതിന് തയ്യാറാതെ ഇരുന്നതോടെയാണ് സൂരജിനെതിരെ ആരോപണം ഉയർത്തിയതെന്ന് സൂരജിന്‍റെ അനുയായി കൂടിയായ ശിവകുമാർ നല്കിയ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications